കോട്ടയം : നിയമസഭ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ കൂടുതൽ സീറ്റിൽ മത്സരിക്കാൻ കോൺഗ്രസ് കോപ്പുകൂട്ടുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ രണ്ട് സീറ്റുകൾ കൂടി ഇത്തവണ എടുക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്.
പാർലമെൻറ് തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടുകൊടുത്തപ്പോൾ തന്നെ ഇത്തരത്തിലുള്ള ഒരു ധാരണ രൂപപ്പെട്ടിരുന്നതായി പറയുന്നു.സിറ്റിംഗ് സീറ്റായ കടുത്തുരുത്തിക്ക് പുറമേ ഏറിവന്നാൽ ഒരു സീറ്റ് കൂടി നൽകാനാണ് കോൺഗ്രസ് ആലോചിക്കുന്നത്.
നിലവിലുള്ള ഏറ്റുമാനൂർ, ചങ്ങനാശ്ശേരി സീറ്റുകൾ കോൺഗ്രസിന് വിട്ടു നൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കൂടാതെ കാഞ്ഞിരപ്പള്ളിയിലും കോൺഗ്രസ് ശക്തനായ സ്ഥാനാർത്ഥിയെ ലക്ഷ്യമിടുന്നു. പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയിലും കഴിഞ്ഞ വർഷങ്ങളിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ പ്രകടനം വളരെ മോശമായിരുന്നു എന്നാണ് വിലയിരുത്തൽ. ജനകീയ അടിത്തറ ഇല്ലാത്ത നേതാക്കളെ ഗ്രൂപ്പിസത്തിന്റെ ഭാഗമായി അവസാനം നിമിഷം ഇറക്കുമതി ചെയ്യുന്നതാണ് പ്രശ്നമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഏറ്റുമാനൂർ ചങ്ങനാശ്ശേരി സീറ്റുകളിൽ വിജയിക്കാനോ നല്ല മത്സരം കാഴ്ചവെക്കാനോ യുഡിഎഫിന് കഴിയും എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഏറ്റുമാനൂരിൽ നിയമസഭാ ഇലക്ഷനിൽ ഉണ്ടായ പ്രത്യേക രാഷ്ട്രീയ സാഹചര്യം സിപിഎം മുതലെടുക്കുകയായിരുന്നു. മുന്ധന വിവാദവും വനിതാ നേതാവിന്റെ സിപിഎം ലൈനിലുള്ള കുറുമാറ്റവും പാർട്ടിക്ക് വോട്ട് ബാങ്ക് നഷ്ടപ്പെടുത്തി. ഏറ്റുമാനൂരിൽ അധികം വേരുകൾ ഇല്ലാത്ത ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥിയാണ് മത്സരിച്ചതും. ഇത്തവണ ഈ തെറ്റ് തിരുത്താൻ ആണ് പരിപാടി.ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷാണ് കോട്ടയം സീറ്റ് ലക്ഷൃമാക്കി നീങ്ങുന്നത്.
ചങ്ങനാശ്ശേരിയിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻ്റെ സിറ്റിംഗ് എംഎൽഎ ഉണ്ടെങ്കിലും യുഡിഎഫ് അനുകൂല മണ്ഡലമാണ് ഇതെന്നാണ് വിശ്വസിക്കുന്നത്.ഇവിടെ പൊതുസമ്മതനായ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിച്ചാൽ മണ്ഡലം തിരിച്ചുപിടിക്കാം എന്ന് തന്നെയാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
കാഞ്ഞിരപ്പള്ളിയിൽ മാണി ഗ്രൂപ്പിൻറെ തട്ടകമായി മാറിയിരിക്കുകയാണ്.ചീഫ് വിപ്പ് കൂടിയായ ഡോ. എൻ ജയരാജ് മണ്ഡലത്തിൽ സുപരിചിതനാണ് .ബിജെ പിയിൽ നിന്ന് വരെ വോട്ട് ചോർത്തി ജയിക്കുന്ന ജയരാജിന്റെ രാഷ്ട്രീയ തന്ത്രത്തിന് തടയി ടാനാകുന്ന സ്ഥാനാർത്ഥിയെ പ്രാദേശിക തലത്തിൽ അവതരിപ്പിച്ചാൽ വിജയിക്കാനാവുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ബിജെപിയുടെ വോട്ടുകൾ സ്വന്തം സ്ഥാനാർത്ഥി സമാഹരിച്ചാൽ ജയരാജിന് കടുത്ത വെല്ലുവിളിയാകും. കഴിഞ്ഞ തവണ അൽ ഫോൺസ് കണ്ണന്താനത്തിന് ലഭിക്കേണ്ട ബിജെപി വോട്ടുകൾ ജയരാജിലേക്കാണ് മറിഞ്ഞത്.ബിജെപി എൻ ഹരിയെ പോലെയുള്ള മതേതര പ്രതിഛായയുള്ള നേതാക്കളെ മത്സരിപ്പിച്ചാൽ കോൺഗ്രസിനും കടമ്പകൾ ഏറെയാണ്.
എന്നാൽ കാഞ്ഞിപ്പള്ളിക്കാരൻ തന്നെയായ പ്രമുഖ കോൺഗ്രസ് കുടുബത്തിലെ അംഗത്തെ ചുറ്റിപറ്റിയും ചർച്ചകൾ സജീവമായുണ്ട്.ഇടത് സ്ഥാനാർത്ഥിക്കു വേണ്ടി സ്ഥിരമായി ഒത്തുകളിക്കുന്ന മന്ധലത്തിലെ ഒരു കോൺഗ്രസ് പ്രാദേശിക നേതാവിനെ നിരീക്ഷിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. തനിക്ക് സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് സ്ഥാനാർത്ഥിയായ ജോസഫ് വാഴക്കനെതിരെയും ആന്റോ ആന്റണിക്കെതിരെയും നടത്തിയ രഹസൃനീക്കങ്ങൾ മുതിർന്ന നേതാക്കൾക്കൾക്ക് വരെ അറിവിള്ളതാണ്.
നാട്ടുകാരനായ പുതുമുഖം സ്ഥാനാർത്ഥി മത്സരിച്ചാൽ ഈ കടമ്പകൾ മാറിക്കിട്ടും എന്ന് പ്രതീക്ഷിക്കുന്നു. ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം കൂടുതലായി കേന്ദ്രീകരിക്കുമ്പോൾ സാമുദായിക സമവാക്യം നോക്കി സ്ഥാനാർത്ഥിയെ നിർത്തിയാൽ വിജയപ്രതീക്ഷ ഉണ്ടെന്നാണ് കോൺഗ്രസ് പ്രാദേശിക ഘടകങ്ങളുടെ വികാരം.
പുതുപ്പള്ളി, പാലാ, കോട്ടയം, കടുത്തുരുത്തി മണ്ഡലങ്ങൾ യുഡിഎഫിന് ഒപ്പം തന്നെ നിൽക്കുമെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രാഥമിക വിശകലനത്തിൽ കണ്ടെത്തിയിട്ടുണ്ട്.