കോട്ടയം: ഏറ്റുമാനൂരിൽ ക്നാനായ കത്തോലിക്കാ സഭാംഗമായ യുവതിയും മക്കളായ രണ്ട് പെൺകുട്ടികളും ട്രെയിനിന് മുമ്പിൽ ചാടി ആത്മഹതൃ ചെയ്ത സംഭവത്തിൽ ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ നടത്തിയ പരാമർശം സോഷൃൽ മീഡിയയിൽ കടുത്ത വിമർനങ്ങളാണ് അഴിച്ച് വിട്ടത്. പള്ളിക്കത്തോട്ടിൽ മാനസിക വെല്ലുവിളി നേരിടുന്ന നിരാലംബരെ സംരക്ഷിക്കുന്ന “ലൂർദ്ദ്ഭവന്റെ “ വാർഷിക സമ്മേളനം ഉത്ഘാടനം ചെയ്ത് നടത്തിയ പ്രസംഗമാണ് വിവാദമായത്. എന്നാൽ പ്രസംഗത്തിന്റെ പേരിൽ അകാരണമായി തന്നെ അപമാനിക്കുകയും മാധൃമ വിചാരണക്ക് ഇടയാക്കിയെന്നും ആർച്ച് ബിഷപ്പ് തറയിൽ പറയുന്നു.
ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന്റെ ഫേസ്ബുക്ക് പൊസ്റ്റിന്റെ പൂർണ്ണ രൂപം
“ഏറ്റുമാനൂരിൽ ട്രെയിനിനു മുൻപിൽ ആത്മഹത്യ ചെയ്ത ഷൈനിയും കുഞ്ഞുങ്ങളും നമ്മുടെയെല്ലാം മനസ്സിൽ വലിയ വേദന നിറയുന്ന ഓർമ്മയാണ്. ആ വാർത്ത വായിച്ചവർക്കെല്ലാം സങ്കടവും കുറ്റബോധവും സമ്മിശ്രമായി അനുഭവപ്പെടുന്നുണ്ട്. ഫെബ്രുവരി 28 വെള്ളിയാഴ്ച നടന്ന ഈ സംഭവം മാർച്ച് 02 ഞായറാഴ്ച ഞാൻ പങ്കെടുത്ത ഒരു പൊതുപരിപാടിയിൽ പരാമർശിക്കുകയുണ്ടായി. അത്രമാത്രം മനസ്സിനെ അസ്വസ്ഥപ്പെടുത്തിയതും ആശങ്കപ്പെടുത്തിയതുമായ വാർത്തയായിരുന്നു അത്.
ഇപ്പോൾ നടക്കുന്ന തരത്തിലുള്ള മാധ്യമവിചാരണകൾ അന്ന് പുറത്തുവന്നിട്ടില്ലായിരുന്നു. ഞാൻ നടത്തിയ പരാമർശം കേരളത്തിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യകളെക്കുറിച്ചും മയക്കുമരുന്ന് വ്യാപനത്തെക്കുറിച്ചുമുള്ള ഗൗരവമായ ചർച്ചയുടെ ആവശ്യകതയെക്കുറിച്ചായിരുന്നു. നമ്മുടെ കുടുംബബന്ധങ്ങളിലും വിദ്യാഭ്യാസ സമ്പ്രദായത്തിലും സാമൂഹിക സുരക്ഷിതത്വത്തിലും ആരോഗ്യകരമായ മാറ്റങ്ങൾ ഉണ്ടാകണമെന്നു മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. മാനസിക വെല്ലുവിളികൾ നേരിടുന്നവരെ പരിശീലിപ്പിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുന്ന ഒരു കാരുണ്യഭവനത്തിന്റെ വാർഷിക സമ്മേളനത്തിലായിരുന്നു മേൽപ്പറഞ്ഞ പരാമർശം ഞാൻ നടത്തിയത്.
എന്നാൽ അതിന്റെ പേരിൽ എന്നെ അകാരണമായി അപമാനിച്ചവരുടെയും മാധ്യമവിചാരണ ചെയ്തവരുടെയും ‘ബുദ്ധിവൈഭവം’ എന്നെ അമ്പരപ്പിച്ചു. ‘സ്ത്രീ’ എന്ന പദം പൊതുവേദിയിൽ ഉപയോഗിക്കുക ഉചിതമല്ലെന്ന ‘പുതിയൊരു പാഠ’വും ഞാൻ പഠിച്ചു. എന്റെ പ്രഭാഷണത്തിന്റെ പ്രസക്തഭാഗം നിഷ്പക്ഷമായ വിശകലനത്തിനായി ചുവടെ ചേർക്കുന്നു.”
ആർച്ച് ബിഷപ്പിന്റെ പ്രസംഗത്തിന്റെ വീഡിയോ: