Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കൊച്ചിയിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) അന്വേഷണം തുടങ്ങി. 2003 മുതല്‍ 2015 വരെയുള്ള കാലവും പിന്നീട് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) മെമ്പര്‍ സെക്രട്ടറി, ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ (2025) നിലവില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന കാലയളവും അന്വേഷപരിധിയിലുണ്ട്. സിബിഐ വിശദമായ എഫ്‌ഐആര്‍ ആണ് തയാറാക്കിയിരിക്കുന്നതെന്ന് കേസിലെ പരാതിക്കാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അറിയിച്ചു.

                                    എബ്രഹാം അനധികൃതമായി സമ്പാദിച്ചതായി പറയപ്പെടുന്ന സ്വത്തുക്കളില്‍’ തിരുവനന്തപുരത്തെ തൈക്കാടുള്ള മില്ലേനിയം ഹൈ റൈസ് കോംപ്ലക്‌സിലെ ഏകദേശം ഒരു കോടി രൂപയുടെ അപ്പാര്‍ട്ട്‌മെന്റ്, മുംബൈയിലെ കോഹിനൂര്‍ സിറ്റിയിലെ ഗേറ്റഡ് കമ്മ്യൂണിറ്റിയിലെ 3 കോടി രൂപയുടെ അപ്പാര്‍ട്ട്‌മെന്റ്, കൊല്ലത്തെ കടപ്പാക്കടയിലെ 8 കോടി രൂപയുടെ ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവ ഉള്‍പ്പെടുന്നുവെന്ന് പറയുന്നു.

തിരുവനന്തപുരത്തെ വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജി ആന്‍ഡ് എന്‍ക്വയറി കമ്മീഷണറുടെ കോടതിയില്‍ 2016-ല്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. വിഎസിബി സമര്‍പ്പിച്ച ദ്രുത പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളി. 2018-ല്‍ പുത്തന്‍പുരക്കല്‍ ഹൈക്കോടതിയില്‍ ഈ ഉത്തരവിനെ ചോദ്യം ചെയ്തു.1988-ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 13(2) പ്രകാരം എബ്രഹാമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും സിബിഐ അന്വേഷണം നടത്താനും ആവശ്യമായ തെളിവുകള്‍ ഉണ്ടെന്ന് 2025 ഏപ്രിലില്‍ ഹൈക്കോടതി ഉത്തരവ് കേസില്‍ വഴിത്തിരിവായി. തന്നെ അപകീര്‍ത്തിപ്പെടുത്താനുളള നീക്കമാണെന്ന ഏബ്രഹാമിന്റെ പരാതിയില്‍ പോലീസ് അന്വേഷണവും ആരംഭിച്ചതായി സൂചനയുണ്ട്