കോട്ടയം : കൊടുംകുറ്റവാളികളെ പോലും ജാമ്യത്തിലിറക്കാന്‍ സഹായിക്കുന്ന മാഫിയ സംഘം കോട്ടയം ജില്ലയില്‍. തിരുവാതുക്കല്‍ ഇരട്ടകൊലക്കേസിലെ പ്രതി അമിതിനെ ജയിലില്‍നിന്നു പുറത്തെത്തിച്ചത് ഇത്തരം സംഘമാണെന്നു പോലീസ് കണ്ടെത്തി.ഏറ്റുമാനൂര്‍ സ്വദേശികളായ 2 സ്ത്രീകളാണു അമിതിനു ജയിലില്‍ നിന്നിറങ്ങാനായി ജാമ്യം നില്ക്കാന് എത്തിയത്. ഇവരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും അമിതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഇവര്‍ നല്കിയ മൊഴി. 5,000 രൂപ വീതം ഇവര്‍ക്കു ലഭിച്ചതായാണു വിവരം.
സ്ത്രീകളടങ്ങുന്ന സംഘം ചില അഭിഭാഷകരുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്നാണു പൊലീസിനു ലഭിച്ച വിവരം. ഒരു ജാമ്യക്കാരന് 5,000 മുതല്‍ 10,000 വരെയാണ് പ്രതിഫലം. പരിചയം പോലുമില്ലാത്ത കുറ്റവാളികളെ പണത്തിനായി പുറത്തിറക്കുന്നമാഫിയയാണ് ഇതിനു പിന്നില്‍. ഇതര സംസ്ഥാന തൊഴിലാഴികളെയാണ് ഇക്കൂട്ടര്‍ കൂടുതലായും ജയില്‍ മോചിതരാക്കുന്നത്. ഇത്തരം സംഘത്തിന്റെ പട്ടിക ശേഖരിച്ചിട്ടുണ്ടെന്നും ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് പറയുന്നു.
അമിതിനെ തൃശൂരില്‍ നിന്നെത്തിച്ചതു പൊലീസിന്റെ മഫ്തി വാഹനത്തില്‍. രഹസ്യാന്വേഷണത്തിനു ജില്ലാ പൊലീസിനു ഔദ്യോഗിക വാഹനത്തിനു പുറമെ 2 പ്രത്യേക മഫ്തി വാഹനങ്ങളുണ്ട്. പൊലീസ് വാഹനങ്ങളുടെ ഒരു ലക്ഷണവും ഈ വാഹനങ്ങള്‍ക്കില്ല. പ്രൈവറ്റ് റജിസ്ട്രേഷനിലാണ് 2 വാഹനങ്ങളും. പ്രതി അമിത്തെന്നു പൊലീസ് ഉറപ്പിച്ചതോടെ ഈ മഫ്തി വാഹനത്തിലാണ് മഫ്തിയിലുള്ള അന്വേഷണ സംഘവും സഞ്ചരിച്ചത്. സ്റ്റേഷനില്‍ എത്തിച്ച അമിതിനെ ചോദ്യം ചെയ്യാന്‍ ദ്വിഭാഷിയുടെ സഹായം പൊലീസ് തേടിയിരുന്നു.