അയർക്കുന്നം: മണ്ണനാൽ തോട്ടിൽ വച്ച് കഴിഞ്ഞ ഏഴിന് രാത്രി വെസ്റ്റ് ബംഗാൾ സ്വദേശിയായ അതിഥി തൊഴിലാളിയെ ഒരു വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോയിരുന്നു. പരിക്കുപറ്റിയ മനോരഞ്ജൻ സർദാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ ഇയാൾ മരിച്ചു.
സംഭവത്തിന് അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ദിവസങ്ങൾ നീണ്ട പ്രയത്നത്തിലൂടെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും വർക് ഷോപ്പുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി അപകടത്തിനിടയാക്കിയ KL-35-B-3816 ലോറി കണ്ടെത്തി.
തുടർന്ന് സംഭവ ദിവസം വാഹനം ഓടിച്ച അയർക്കുന്നം പുന്നത്തുറ തോണിക്കുഴിയിൽ ജോമോനെ ഇന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. അയർക്കുന്നം ഇൻസ്പക്ടർ എസ്എച്ച്ഒ അനൂപ് ജോസ്, എസ്ഐ സജു റ്റി ലൂക്കോസ്, സീനിയർ സിപിഒമാരായ മധുകുമാർ, ജിജോ ജോൺ എന്നിവരാണ് ഡ്രൈവറെയും വാഹനത്തെയും കണ്ടെത്തിയത്.