നിയാസ് മുസ്തഫ
വരാനിരിക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആയി ആര്യാടന്‍ ഷൗക്കത്ത് വരാനുള്ള സാദ്ധ്യത കൂടി. അവസാനവട്ട യു.ഡി.എഫ്, കോണ്‍ഗ്രസ് വേദികളിലെ ചര്‍ച്ചകളില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ പേരാണ് മുന്നിട്ടു നില്‍ക്കുന്നത്.
ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയുടെ പേരും സജീവ പരിഗണനയിലുണ്ട്.
തന്റെ പിന്‍ഗാമിയായി വി.എസ് ജോയി വരണമെന്ന അഭിപ്രായം നേരത്തെ പി.വി അന്‍വര്‍ നല്‍കിയിരുന്നു. ഇതാണ് വി.എസ് ജോയിക്ക് അനുകൂലമായി വരുന്നത്. എങ്കിലും മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ പി.വി. അന്‍വര്‍ എന്തു നിലപാട് അവസാനവട്ടം എടുക്കുമെന്ന് അറിയേണ്ടതുണ്ട്.
ആര്യാടന്‍ ഷൗക്കത്തിന്റെ പേരിനോടാണ് മുസ്ലിംലീഗിനു കൂടുതല്‍ താല്പര്യം എന്നറിയുന്നു.
ഒരു ക്രിസ്ത്യന്‍ സമുദായക്കാരന്‍ നിലമ്പൂരില്‍ മത്സരിച്ചാല്‍ ഗുണം ചെയ്യുമെന്ന പി.വി അന്‍വറിന്റെ മുന്‍കാല പ്രസ്താവനയും കോണ്‍ഗ്രസ് മുഖവിലയ്‌ക്കെടുക്കുന്നുണ്ട്.
എന്നാല്‍ ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ഥി കുപ്പായം തുന്നി വെച്ചിട്ട് നാളേറെയായി എന്നതും കോണ്‍ഗ്രസിനെ കുഴയ്ക്കുന്നുണ്ട്.
ആരെ തള്ളും, ആരെ കൊള്ളും എന്ന ചര്‍ച്ച മുറുകുകയാണ്. അവസാനവട്ടം കെ.പി.സി.സിയും ഹൈക്കമാന്‍ഡും ആര്‍ക്കൊപ്പമാകുമെന്ന് അറിയാന്‍ വലിയ താമസമില്ല. ആര്യാടനെയും ജോയിയെയും പാര്‍ട്ടിയില്‍നിന്ന് അകറ്റാതെ പുതിയ ഫോര്‍മുല ഉരുത്തിരിഞ്ഞുവരാനുള്ള സാദ്ധ്യതയാണ് കാണുന്നത്.
അതേസമയം, സിപി.എം ഇത്തവണയും സ്വതന്ത്ര പരീക്ഷണത്തിന് മുതിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചാല്‍ ആര്യാടന്‍ ഷൗക്കത്ത് സിപിഎം പാളയത്തിലെത്തുമോയെന്നും പലരും സംശയം ഉന്നയിക്കുന്നുണ്ട്.
മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ക്രൈസ്തവ വോട്ടുകള്‍ ഒപ്പം കൂട്ടാനാവുമെന്ന പ്രതീക്ഷ വന്നതോടെ ബി.ജെ.പിയും മുന്‍കാലങ്ങളേ അപേക്ഷിച്ച് വിജയപ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട്.