Spread the love

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍ രാജ്യസഭയിലെത്താന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. പഞ്ചാബില്‍ നിന്നും രാജ്യസഭയില്‍ എത്താനാണ് ശ്രമം. ഇതിനായി എഎപിയുടെ രാജ്യസഭാംഗം സഞ്ജീവ് അറോറ സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് അഭ്യൂഹം.

അടുത്തു തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ലുധിയാന വെസ്റ്റ് നിയമസഭ മണ്ഡലത്തില്‍ സഞ്ജീവ് അറോറയെ എഎപി സ്ഥാനാര്‍ത്ഥിയാക്കും. നിയമസഭയിലേക്ക് അറോറ വിജയിച്ചാല്‍ അദ്ദേഹം രാജ്യസഭാംഗത്വം രാജിവെക്കും. തുടര്‍ന്ന് കെജരിവാളിനെ രാജ്യസഭയിലെത്തിക്കാനാണ് ആലോചന. എംഎല്‍എയാകുന്ന സഞ്ജീവ് അറോറയെ പഞ്ചാബിലെ ഭഗവന്ത് മന്‍ മന്ത്രിസഭയിലും ഉള്‍പ്പെടുത്തിയേക്കും.

ലുധിയാന നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമാകും കെജരിവാളിന്റെ രാജ്യസഭ സീറ്റില്‍ എഎപി അന്തിമ തീരുമാനമെടുക്കുക. മറ്റൊരു രാജ്യസഭ എംപിയും കെജരിവാളിനായി സീറ്റൊഴിയാന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപിയുടെ പര്‍വേശ് വര്‍മ്മയോടാണ് കെജരിവാള്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയത്.