കോട്ടയം: ലഹരിയുടെ അടിമത്തത്തിലേയ്ക്ക് നമ്മുടെ തലമുറ വീണുകൊണ്ടിരിക്കുമ്പോള്‍ ഒന്നിച്ച് ഈ വിപത്തിന് എതിരെ പോരാടേണ്ട സമയമാണിത്. ഇതിന് വേണ്ടത് ശക്തമായ ഒരു ബോധവല്‍ക്കരണമാണ്.
സാധാരണയായി ഈ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ കൗമാര പ്രായക്കാര്‍ക്കാണ് നല്‍കുന്നത്. എന്നാല്‍ കൗമാരത്തിലേയ്ക്ക് കടക്കുന്നതിന് മുമ്പ് 5, 6, 7 എന്നീ ക്ലാസ്സുകളിലെ കുട്ടികളേയും കേന്ദ്രീകരിച്ച് ഈ ക്ലാസ്സുകള്‍ നടത്തപ്പെട്ടാല്‍ കുറേക്കൂടി ഫലവത്തായിത്തീരും. മാതാപിതാക്കള്‍ക്കും, സണ്‍ഡേ സ്‌കൂള്‍ ഉള്‍പ്പടെയുള്ള അദ്ധ്യാപകര്‍ക്കും ബോധവല്‍ക്കരണവും പരിശീലനവും ആവശ്യമാണ്. ലഹരി വ്യാപനം കൂടുതലായി കാണപ്പെടുന്ന ചില കോളനികള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണവും, പുനരധിവാസ പദ്ധതികളും നടത്തപ്പെടണം.
ലഹരിയുടെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ ചികിത്സ വേണ്ടിയവരെ തിരിച്ചറിഞ്ഞ്, സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് സൗജന്യമായും ചികിത്സ നല്‍കപ്പെടണം. ലഹരിയുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെടുന്നവരേയും അവരുടെ കുടുംബങ്ങള്‍ക്കും പ്രത്യേക കരുതല്‍ കൊടുക്കണം. സര്‍ക്കാര്‍ വകുപ്പുകളും, എന്‍.ജി.ഓ.കളും ചേര്‍ന്നുള്ള കര്‍മ്മ പരിപാടികള്‍ ശക്തിപ്പെടണം.
ഇതിനായി ഒരു കര്‍മ്മ പദ്ധതിയുടെ തുടക്കമായി മെയ് ദിനമായ 01.05.2025 രാവിലെ 8:30 ന് കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച് മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ വൈകിട്ട് 5:30 ന് അവസാനിക്കുന്ന ഒരു വാഹന പ്രചരണ റാലി കോട്ടയത്തെ ഐക്യ ക്രിസ്തീയ കൂട്ടായ്മ ഒരുക്കുന്നു.
ഈ റാലി ദേവസ്വം തുറമുഖം സഹകരണ വകുപ്പ് മന്ത്രി വി .എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. സഭാമേലധ്യക്ഷന്മാരും സാമൂഹിക നേതാക്കന്മാരും പങ്കെടുക്കുന്നു. കോട്ടയം മുതല്‍ മുണ്ടക്കയം വരെ തെരഞ്ഞെടുത്ത 15 സ്ഥലങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ്സുകളും കോളജുകളിലേയും സ്‌കൂളുകളിലേയും കുട്ടികള്‍ അവതരിപ്പിക്കുന്ന ലഹരി വിരുദ്ധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ഡോ. ബെഞ്ചമിന്‍ ജോർജ് ( ജനറല്‍ കണ്‍വീനര്‍), ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ ( സെന്റ് മേരീസ് കത്തീഡ്രല്‍ മണര്‍കാട്)സജീവ് ഫിലിപ്പ് ( പി അന്‍ഡ് എ മലയാള മനോരമ) പ്രതീഷ് കെ ബേബി ( ജനറല്‍ കണ്‍വീനര്‍), എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു