Spread the love

കോട്ടയം: മീനച്ചൂടിന്റെ ചുട്ടുപൊള്ളുന്ന ഉഗ്രതയിലും വാടാതെ പൂക്കളുടെ വർണ്ണവസന്തം ചൂടി നില്ക്കുകയാണ് പ്രവാസി മലയാളി സംരംഭകയായ അന്നമ്മ ടൃബിന്റെ ബോഗൻവില്ല ഗാർഡൻ.കോട്ടയത്ത് പങ്ങടയിൽ ആൻസ് വാലി അഗ്രീടൂറിസം സെന്റർ ഉടമയായ അന്നമ്മ ട്രൂബിന്റെ കരപരിപാലനയിയിൽ 15 വർഷമായി ഈ ബോഗൻവില്ല പൂന്തോട്ടം നിറങ്ങളുടെ നിതൃസാന്നിദ്ധൃമായി ഏവരുടെയും മനം കവരുന്നു.അന്നമ്മട്രൂബിന്റെ വയലുങ്കൽ വീടിന്റ മുൻഭാഗത്താണ് വിവിധ വർണ്ണത്തിലുള്ള പൂക്കൾ നിറഞ്ഞ് തുളുമ്പി നില്ക്കുന്ന മനോഹരമായ ബോഗൻവില്ല ഗാർഡൻ.

കൃതൃമായ പരിചരണവും ശ്രദ്ധയും നല്കിയാണ് ഈ ബോഗൻവില്ല ഗാർഡൻ അന്നമ്മ അണിയിച്ചൊരുക്കിയിരിക്കുന്നത്.
സ്വിറ്റ്സർലണ്ടിലെ വിവിധ ഗവണ്മെന്റ് ഹോസ്പിറ്റലുകളിൽ 50 വർഷത്തോളം നേഴ്സായി ജോലിചെയ്ത അന്നമ്മ തന്റെ ഭർത്താവ് പത്രപ്രവർത്തകനായ ഹാന്നസ് ട്രൂബിന്റെ മരണശേഷമാണ് ജന്മനാടായ പങ്ങടയിൽ തിരിച്ചെത്തിയത്. പിന്നീട് വിവിധ സംരംഭങ്ങളായ ആൻസ് ഓർഗാനിക് ഫാം, ആൻസ് ഇക്കോ ഫിറ്റ്നെസ് സെന്റർ, ആൻസ് സ്വിമ്മിംഗ് അക്കാദമി, ആൻസ് ഇന്റർനാഷണൽ മെഡിറ്റേഷൻ സെന്റർ,ആൻസ് വാലി അഗ്രീ ടൂറിസം സെന്റർ എന്നിവ സ്ഥാപിച്ചു.

തിരക്കുപിടിച്ച ജീവിതചരൃക്കിടയിലും അന്നമ്മയുടെ കരസ്പർശമേല്ക്കാത്ത ഒരു ചെടിയോ പച്ചക്കറികളോ ഫലവൃക്ഷങ്ങളോ ഈ ഓർഗാനിക് ഫാമിൽ കാണാൻ കഴിയില്ല. ഉത്തരവാദിത്ത ടൂറിസം മിഷന്റെ അംഗീകാരമുള്ള പരിസ്ഥിതി സൗഹൃദമായ ആൻസ് വാലി അഗ്രീടൂറിസം സെന്ററിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് നിറങ്ങളുടെ വിസ്മയ ലോകമായി മാറുകയാണ് ഈ ബോഗൻവില്ല ഗാർഡൻ.
തെക്കേ അമേരിക്കൻ സുന്ദരിയായ ബൊഗന്‍വില്ല കേരളത്തിലെ കാലാവസ്ഥയ്‌ക്ക് ഏറെ അനുയോജ്യമായ ചെടിയാണ്. വിവിധ നിറങ്ങളിലും ഇനങ്ങളിലുള്ള ബൊഗന്‍വില്ല ചെടികള്‍ ചേർത്ത് ഒരുക്കിയാണ് അന്നമ്മ തന്റെ ബോഗൻവില്ല ഗാർഡൻ ഹൃദയഹാരിയാക്കിയിരിക്കുന്നത്.