കൊച്ചി : ചുവന്ന വലിയ വട്ടപ്പൊട്ട് സി.പി.ഐ നേതാവ് ആനി രാജയുടെ ഐഡിൻ്റിറ്റിയാണ്. ആ പൊട്ടിന് പിന്നിലുള്ള കൊടും വാശിയുടെ കഥ വനിത മാധ്യമപ്രവർത്തകരുമായി അവർ പങ്കുവച്ചു. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച കായൽയാത്രയായിരുന്നു വേദി.
അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് കൺമഷി കൊണ്ട് ചെറിയ പൊട്ടു കുത്തുന്ന ശീലമുണ്ടായിരുന്നു. ഒരിക്കൽ വഴിയിൽ വച്ച് അമ്മയുടെ സഹോദരിയെ കണ്ടുമുട്ടി. നീ കുടുംബത്തിന് ചീത്ത പേരുണ്ടാക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണോ എന്ന ചോദ്യവുമായി അവർ ആ പൊട്ട് ദേഷ്യത്തോടെ മായ്ച്ചുകളഞ്ഞു. എന്നാൽ പൊട്ടിനെ വിട്ടു കളയാൻ കുഞ്ഞ് ആനിക്കു കഴിഞ്ഞില്ല. പ്രതിഷേധസൂചകമായി അവർ പിറ്റേന്നും പൊട്ടു കുത്തി. കാലക്രമേണ അത് ചുവപ്പിലേക്ക് വഴിമാറി.
വാക്കും പ്രവർത്തിയും ഒന്നായിരിക്കണമെന്ന നിലപാടിൽ നിന്ന് ഒരിക്കലും വൃതിചലിച്ചിട്ടില്ല. ജീവിതത്തിൽ താൻ കണ്ട ഏറ്റവും വലിയ സ്ത്രീപക്ഷ ക്കാരി നിരക്ഷരയായ തൻ്റെ അമ്മായിയമ്മയാണെന്ന് അവർ പറഞ്ഞു. മരുമകളോട് സംസാരിക്കണമെന്ന അതിമോഹത്താൽ അവർ വീട്ടിലെത്തിയ നവവധുവിന് തമിഴ് അക്ഷരങ്ങൾ പഠിപ്പിക്കാനുള്ള സൗകര്യം ഒരുക്കി. തമിഴ് എഴുതാനും വായിക്കാനും ആനി പഠിച്ചു എന്നാൽ ഭർത്താവ് രാജയ്ക്ക് മലയാളം ബാലികേറാമലയായി തുടരുന്നു.
തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി യു.പി.എ സർക്കാർ രൂപീകരിച്ച സമിതിയിലെ അംഗമായിരുന്നു ആനി രാജ . പഠനത്തിൻ്റെ ഭാഗമായി നടത്തിയ 51 ദിവസത്തെ ഭാരതപര്യടനം തൻ്റെ അഹന്തയുടെ മുനയൊടിച്ചുവെന്ന് അവർ പറഞ്ഞു. ഇന്ത്യൻ ഗ്രാമങ്ങളിലെ ദാരിദ്ര്യം കണ്ടറിഞ്ഞു. 2000ത്തിൻ്റെ തുടക്കത്തിലായിരുന്നു ആ യാത്ര.