തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്ക് വിനീത കൊലക്കേസിലെ പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ഏഴാം അഡിഷനല്‍ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനാണ് ശിക്ഷ വിധിച്ചത്. തൂക്കുകയറല്ലാതെ മറ്റൊരു ശിക്ഷയും വിധിക്കാനാവില്ല എന്നാണ് വിധിപ്രസ്താവനയ്ക്കിടെ ജഡ്ജി വ്യക്തമാക്കിയത്. കേസിൽ പ്രതിയായ തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗറില്‍ രാജേന്ദ്രൻ (40) കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു.Ambalamukku Vineetha Murder Case
അതേസമയം പ്രതിയായ രാജേന്ദ്രൻ കൊടും കുറ്റവാളിയാണന്നും തമിഴ്നാട്ടിലും കേരളത്തിലും കവർച്ചക്കിടെ നടത്തിയ നാലു കൊലപാതകങ്ങളിൽ മൂന്നു പേരും സ്ത്രീകളെന്നുമായിരുന്നു എന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ കോടതിയിൽ വാദിച്ചിരുന്നു.
കൂടാതെ പ്രതിയുടെ പ്രവൃത്തി അതിക്രൂരവും മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണ്. ജീവപര്യന്തം ശിക്ഷ നൽകിയൽ ശിക്ഷാ ഇളവ് നേടി പ്രതി സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന് ഉറപ്പ് പറയാനാകില്ല. അതിനാൽ വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം ശിക്ഷ വിധിക്കും മുൻപ് പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് ആരാഞ്ഞ കോടതിയോട് തനിക്ക് 70 വയസുള്ള അമ്മയുണ്ടെന്നും അമ്മയുടെ സംരക്ഷണം തന്റെ ചുമതലയിലാണെന്നും പ്രതി അറിയിച്ചു. കൂടാതെ കുറ്റമൊന്നും ചെയ്യാത്തതിനാൽ തനിക്ക് പശ്ചാത്താപമില്ലെന്നും പ്രതി പറഞ്ഞിരുന്നു