Spread the love

സേലം: ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും  പുലര്‍ച്ചെ തമിഴ്നാട്ടിലെ ധര്‍മ്മപുരിക്ക് സമീപമാണ് വാഹനാപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട് ധര്‍മപുരി പാല്‍ക്കോട്ടിന് സമീപം രാവിലെ 7 മണിയോടെ കുടുംബം കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് സംഭവം. ഷൈനിന്റെ പിതാവ് സി.പി. ചാക്കോ അപകടത്തില്‍ മരിച്ചു. നടനും അമ്മയ്ക്കും പരിക്കേറ്റു.

നടനും മാതാപിതാക്കളും സഹോദരനും ഡ്രൈവറും സഞ്ചരിച്ചിരുന്ന വാഹനം ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയില്‍ ഷൈന്‍ ടോം ചാക്കോയുടെ രണ്ട് കൈകള്‍ക്കും ഗുരുതര പരിക്കേറ്റതായി വെളിപ്പെടുത്തിയതായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

അപകടത്തെത്തുടര്‍ന്ന് കാറിലുണ്ടായിരുന്ന അഞ്ച് പേരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യസഹായം ലഭിച്ചെങ്കിലും സി.പി. ചാക്കോ മരണമടഞ്ഞു. ഷൈനും അമ്മയും ഉള്‍പ്പെടെ കുടുംബത്തിലെ ബാക്കിയുള്ളവര്‍ നിലവില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്.