ദോഹ : ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികൾ ഉൾപ്പെടെ ആറുപേർ മരിച്ചു. മരിച്ചവരിൽ പിഞ്ചുകുഞ്ഞും 3 സ്ത്രീകളും ഉൾപ്പെടുന്നു. തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്ക് (58), ജസ്ന കുറ്റിക്കാട്ടുചാലിൽ (29), ഒറ്റപ്പാലം സ്വദേശികളായ റിയ ആൻ (41), ടൈറ റോഡ്രിഗ്വസ് (8), റൂഹി മെഹ്റിൽ മുഹമ്മദ് (18 മാസം) എന്നിവരാണ് മരിച്ചത്.
പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ മരത്തിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
അപകടത്തിൽ 20 പേർക്ക് പരുക്കേറ്റു. ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ നയ്റോബിയിലെ ആശുപത്രിയിലേക്ക് മാറ്റും.