ഓണ്‍ലൈന്‍- തത്കാല്‍ ടിക്കറ്റ് ബുക്കിംഗിംനും ആധാര്‍ നിര്‍ബന്ധമാക്കി റെയില്‍വേ. ജൂലൈ 1 മുതല്‍ ഇത് പ്രാബല്യത്തിലാകും. റിസര്‍വേഷനിലെ ദുരുപയോഗം തടയുന്നതിനും നടപടി കൂടുതല്‍ സുതാര്യമാക്കുന്നതിനുമാണ് തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തില്‍ മാറ്റം.
ഐആര്‍സിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന തത്കാല്‍ ടിക്കറ്റുകള്‍ ആധാര്‍ ഉപയോഗിച്ച് സ്ഥിരീകരിക്കുന്ന രീതി ജൂലൈ ഒന്നുമുതല്‍ നടപ്പാകും.ജൂലൈ 15 മുതല്‍ എല്ലാ ഓണ്‍ലൈന്‍ തത്കാല്‍ ബുക്കിംഗുകള്‍ക്കും ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി പ്രാമാണീകരണം നിര്‍ബന്ധമാകുമെന്ന് വക്താവ് പറഞ്ഞു.
പുതിയ നിയമം ഓഫ്ലൈന്‍ തത്കാല്‍ ബുക്കിംഗുകള്‍ക്കും ബാധകമാകും. ”കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (പിആര്‍എസ്) കൗണ്ടറുകളിലും അംഗീകൃത ഏജന്റുമാര്‍ വഴിയും ബുക്ക് ചെയ്യുന്ന തത്കാല്‍ ടിക്കറ്റുകള്‍ക്ക് ബുക്കിംഗ് സമയത്ത് ഉപയോക്താവ് നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് അയച്ച ഒടിപി പ്രാമാണീകരണം ആവശ്യമാണ്,” റെയില്‍വേ വക്താവ് പറഞ്ഞു. ജൂലൈ 15 മുതല്‍ ഈ വ്യവസ്ഥയും പ്രാബല്യത്തില്‍ വരും.
കൂട്ട ബുക്കിംഗുകള്‍ തടയുന്നതിനായി, അതത് ബുക്കിംഗ് വിന്‍ഡോകളുടെ ആദ്യ 30 മിനിറ്റില്‍ തത്കാല്‍ തുടക്ക ദിവസത്തെടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതില്‍ നിന്ന് ഏജന്റുമാരെ റെയില്‍വേ വിലക്കിയിട്ടുണ്ട്.