Spread the love

കൊല്ലം: നെടുമ്പനയിൽ വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ അമ്മയ്ക്കും അഞ്ചുവയസ്സുകാരനായ മകനും ഇടിമിന്നലേറ്റു. പൊള്ളലേറ്റ ശ്രീദേവി (28), മകൻ ആദിദേവ് എന്നിവരെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില ഗുരുതരമായതിനെ തുടർന്നാണ് ഇരുവരെയും തിരുവനന്തപുരത്തേക്ക് മാറ്റിയത്.

നെടുമ്പന പഞ്ചായത്ത് പത്താം വാർഡിലെ ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനിൽ അജിത്തിന്റെ ഭാര്യയാണ് ശ്രീദേവി. കുഞ്ഞിന്റെ ശരീരമാസകലവും ശ്രീദേവിയുടെ വയറിന്റെ ഭാഗത്തുമാണ് പൊള്ളലേറ്റത്. ഇടിമിന്നലിൽ വീടിന്റെ ചുവരിനും കിണറിനും കേടുപാടുകൾ സംഭവിച്ചു. സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിക്കുകയും വൈദ്യുത വയറുകൾ കത്തിപ്പോകുകയും ചെയ്തു.

ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ശ്രീദേവിയും ആദിദേവും മറ്റു രണ്ട് മക്കളും ഭർതൃമാതാവ് നന്ദിനിയും വീടിന്റെ മുൻവശത്തെ മുറിയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടെ ശ്രീദേവിയും മകനും അടുക്കളയിലേക്ക് പോയി. പിന്നാലെ ശക്തമായ ഇടിയും മിന്നലുമുണ്ടായി. അടുക്കളയിൽവച്ചാണ് ഇരുവർക്കും ഇടിമിന്നലേറ്റത്. അമ്മയുടെയും കുഞ്ഞിന്റെയും നിലവിളി കേട്ടെത്തിയ നന്ദിനിയും മറ്റു മക്കളും ഇരുവരെയും നിലത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തി.

ബഹളം കേട്ട് അയൽവാസികളും സ്ഥലത്തെത്തി. ആദ്യം നെടുമ്പന ടിബി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ നില ഗുരുതരമായതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് അമ്മയെയും കുഞ്ഞിനൊപ്പം തിരുവനന്തപുരത്തേക്ക് മാറ്റി.

ഉച്ചയ്ക്ക് 12.30 മുതൽ ഉഗ്രാംകുന്ന് മേഖലയിൽ മഴയുണ്ടായിരുന്നു. രണ്ടുമണിയോടെ മഴ കുറഞ്ഞെങ്കിലും ഇടിയും മിന്നലും ശക്തമായി തുടർന്നു. ഇതേ പ്രദേശത്തെ മറ്റൊരു വീട്ടിലും ഏതാനും ദിവസം മുൻപ് ഇടിമിന്നലേറ്റിരുന്നുവെന്ന് പഞ്ചായത്തംഗം നിസാമോൾ പറഞ്ഞു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്തംഗം കെഎസ്ഇബി അധികൃതരുമായും വില്ലേജ് ഓഫീസറുമായും ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിച്ചു.