അബ്കാരി കേസ്: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ ജയിലില്‍ തന്നെ. ജാമ്യമില്ല
അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന് കോടതിയില്‍ തിരിച്ചടി. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആന്റോയുടെ ജാമ്യാപേക്ഷ തള്ളി. 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്ത ആന്റോ മാനന്തവാടി ജില്ലാ ജയിലില്‍ തുടരും.
എക്സൈസിന്റെ വാദങ്ങള്‍ ശരിവച്ച കോടതി ‘ഡിസ്മിസ്ഡ്’ എന്ന ഒറ്റവാക്കിലാണ് ആന്റോയ്ക്ക് ജാമ്യം നിഷേധിച്ചത്. മെസി വിവാദവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ തറവാട്ട് വീട്ടില്‍ റെയ്ഡ് നടത്തവേ 69.589 ലിറ്റര്‍ മദ്യം കണ്ടെടുക്കുകയായിരുന്നു. എക്‌സൈസിന് കൈമാറിയതോടെ, അവരെടുത്ത കേസിലാണ് അറസ്റ്റിലായത്.
അതേസമയം, ഈ വീട് ആന്റോയുടെ പേരിലല്ലെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. എന്നാല്‍ വീട് ആന്റോയുടെ പേരില്‍ തന്നെയാണെന്ന് 2025ലെ നികുതി രേഖകള്‍ ഉള്‍പ്പെടെ കാട്ടി പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ത്തു. 43 വിദേശനിര്‍മിത മദ്യവും വ്യാജ മദ്യവുമുള്‍പ്പെടെയാണ് ആന്റോയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. ഇന്ത്യന്‍ നിയമപ്രകാരം ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ മദ്യം മാത്രമാണ് വീട്ടില്‍ സൂക്ഷിക്കാന്‍ അനുവാദമുള്ളത്.
ഇന്നലെ രാവിലെ കൊച്ചിയില്‍ നിന്ന് എക്‌സൈസ് അറസ്റ്റ് ചെയ്ത ആന്റോയെ മീനങ്ങാടിയിലെ അസി.എക്‌സൈസ് കമ്മിഷണറുടെ ഓഫീസിലെത്തിക്കുകയായിരുന്നു. ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ വൈ ബിജുവിന്റെ നേതൃത്വത്തില്‍ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് കോടതിയില്‍ ഹാജരാക്കി ആന്റോയെ റിമാന്‍ഡ് ചെയ്തത്.

