Spread the love

ന്യൂഡല്‍ഹി: ഡൽഹിയിലെ വിദ്യാർത്ഥി സമരം കൈകാരൃം ചെയ്ത രീതിക്കെതിരെ പരോക്ഷ വിമർശനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്.
“പുതുതലമുറയോട് സംവദിക്കേണ്ടത് അനിവാര്യമാണ്. പുതിയ തലമുറയിലെ കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും.കേട്ടെഴുത്തല്ല, ചര്‍ച്ചയാണ് വേണ്ടതെന്ന്” മോഹന്‍ ഭഗവത് വൃക്തമാക്കി.

ഡല്‍ഹിയില്‍ നടന്ന ‘വിശ്വ മംഗല്യ സഭ’ പരിപാടിയിലാണ് മോഹന്‍ ഭഗവത് വിദ്യാര്‍ഥികളെ അനുകൂലിച്ച് സംസാരിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി സമരം ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തിലാണ് ആർഎസ്എസ് മേധാവി ഇത്തരത്തിലൊരു പ്രസ്താവന നടത്തുന്നതെന്നത് ശ്രദ്ധേയമാണ്.

“കുട്ടികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങളോട് ക്ഷമയോടെ പ്രതികരിക്കണം. നമ്മുടെ ചെറുപ്പകാലം അനുസരണയുടേതായിരുന്നു. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കും. അവര്‍ക്ക് വിശദീകരണം നല്‍കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്.
ആജ്ഞയല്ല, സമവായമാണ് വേണ്ടത്”. മോഹന്‍ ഭഗവത് പറഞ്ഞു.

കഴിഞ്ഞദിവസം ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെ അനുകൂലിച്ച് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രിയുമായിരുന്ന മുരളി മനോഹര്‍ ജോഷിയും രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരുടെ ആശങ്കകള്‍ ന്യായമാണെന്നും അവര്‍ക്ക് നേരെ ബലം പ്രയോഗിക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.