മദ്യപിച്ച് വാഹനമോടിച്ച തൂഫാന്‍ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
പത്തനംതിട്ട: അപകടമുണ്ടാകുന്ന തരത്തില്‍ മദ്യപിച്ച് ഔദ്യോഗിക വാഹനമോടിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. പ്രിയേഷ്, രാഹുല്‍, സുമന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. മദ്യപിച്ച് വാഹനമോടിച്ച പൊലീസ് ഡ്രൈവര്‍ പ്രിയേഷിനെതിരെ കേസെടുത്തു.
പത്തനംതിട്ട ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സംഘത്തിലെ ഉദ്യോഗസ്ഥരാണിവര്‍. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പരിശോധനയ്ക്കിറങ്ങിയതായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനം അശ്രദ്ധമായി ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവറായ യുവതി പിന്തുടര്‍ന്ന് സംഘത്തെ തടയുകയായിരുന്നു.
പത്തനംതിട്ട നഗരത്തില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്. മൈലപ്ര ഭാഗത്തുനിന്നുവന്ന പൊലീസ് ജീപ്പ് പലപ്രാവശ്യം മറ്റ് വാഹനങ്ങളെ ഇടിക്കാന്‍ പോയി. വനിതാ ഡ്രൈവറുടെ ഓട്ടോറിക്ഷയിലും തട്ടാനൊരുങ്ങി. ശേഷം നിര്‍ത്താതെ പോയ ജീപ്പിനെ പിന്തുടര്‍ന്ന യുവതി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് സമീപത്തുവച്ച് തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും യുവതിയും ചേര്‍ന്ന് അപകടകരമായ യാത്രയെ ചോദ്യം ചെയ്തു. സംഭവം വിവാദമായതോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചത്.

