Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചയ്ക്ക് പിന്നാലെ കോൺഗ്രസിൽ മന്ത്രി ചർച്ചകളും സജീവമായി. വിജയിച്ച 20ൽ അധികം എംഎൽഎമാരാണ് മന്ത്രിസ്ഥാനത്തേക്ക് കണ്ണ് വെക്കുന്നത്. മുൻകാല പരിചയത്തിനൊപ്പം ഗ്രൂപ്പ്, മത സമുദായിക , പ്രാദേശിക ഘടകങ്ങൾ എന്നിവ ഉയർത്തിയാണ് വിവിധ നേതാക്കൾ മന്ത്രികുപ്പായം തുന്നുന്നത്.

 

യുഡിഎഫ് അംഗബലമനുസരിച്ച് 11 പേർക്കാണ് കോൺഗ്രസിൽ നിന്ന് മന്ത്രിസ്ഥാനത്തിന് അർഹത. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ വി.ഡി സതീശൻ മന്ത്രിസഭയുടെ ഭാഗമാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.

 

സതീശൻ മുഖ്യമന്ത്രി ആയാലും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് ഉറപ്പ്. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലങ്കിൽ ചെന്നിത്തല ഉപ മുഖൃമന്ത്രി സ്ഥാനത്തും കണ്ണുവയ്ക്കുന്നുണ്ട്.സണ്ണി ജോസഫ് മന്ത്രിയായാൽ കെപിസിസി അധ്യക്ഷ സ്ഥാനം മറ്റാർക്കെങ്കിലും കൈമാറാനാണ് സാധ്യത. ബെന്നി ബഹനാൻ, ആന്റോ ആന്റണി എന്നിവരുടെ പേരുകൾക്കാണ് മുൻഗണന.മന്ത്രിമാരാകാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടി. സിദ്ദിഖ്‌, പി.സി വിഷ്ണുനാഥ്, കെ.മുരളീധരൻ, എന്നിവർ തയ്യാറായി കഴിഞ്ഞു.

ഷാനിമോൾ ഉസ്മാൻ, ഉമ തോമസ്, ബിന്ദു കൃഷ്ണ എന്നിവരിൽ ആരാകും മന്ത്രിസഭയിലെ വനിതാ മുഖം എന്നതിലും ചർച്ച തുടങ്ങി കഴിഞ്ഞു. ഇതിനൊപ്പം പത്തിലധികം എംഎൽഎമാർ മന്ത്രി കസേരയിൽ കണ്ണ് വച്ച് ചരടു വലികൾ ആരംഭിച്ചിട്ടുണ്ട്. നാടാർ പ്രതിനിധി എന്ന നിലയിൽ തിരുവനന്തപുരത്ത് നിന്ന് എൻ. ശക്തനും ലത്തീൻ പ്രതിനിധിയായി എം. വിൻസെന്റും അവകാശവാദം ഉന്നയിക്കും.

 

എന്നാൽ, വിൻസെന്റിന് എതിരായ കേസ് തിരിച്ചടിയാകാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ടി.ജെ വിനോദിനെ പരിഗണിച്ചേക്കും. ഇതിനൊപ്പം എ.പി അനിൽകുമാർ, ചാണ്ടി ഉമ്മൻ, വി.ടി ബൽറാം, മാത്യു കുഴൽനാടൻ, എം. ലിജു തുടങ്ങിയവരും മന്ത്രിസ്ഥാനം ലക്ഷ്യമിടുന്നുണ്ട്.

 

മന്ത്രി സ്ഥാനമില്ലങ്കിൽ കുഴൽനാടൻ സ്പീക്കർ പദവിയാണ് ലക്ഷൃമിടുന്നത്. ലീഗുമായി അനാവശൃമായി ഇടഞ്ഞത് കുഴൽനാടന് വിനയാകുമോ എന്ന് കണ്ടറിയണം. അമ്പലപ്പുഴയിൽ നിന്ന് വിജയിച്ച ജി. സുധാകരനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാമെന്ന് കോൺഗ്രസ് നേതൃത്വം ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് വിവരം. അങ്ങനെയെങ്കിൽ സുധാകരന്റെ മന്ത്രിസ്ഥാനവും കോൺഗ്രസ് അക്കൗണ്ടിൽ നിന്ന് തന്നെ നൽകേണ്ടിവരും. സിപിഎം വിട്ട വിമത വിഭാഗത്തെ പ്രതിനിധീകരിച്ചാവും ആ തീരുമാനം. മുഖൃമന്ത്രി സ്ഥാനത്തിന് പിന്നാലെ അടുത്ത വടംവലി മന്ത്രിമാരെ തിരഞ്ഞെടുക്കുന്ന കാരൃത്തിലുണ്ടാകാം. ഇത് കോൺഗ്രസ് ഹൈക്കമാണ്ടിന് വലിയ തലവേദനയാകും.

 

കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ ചാണ്ടി ഉമ്മൻ കൂടാതെ നാട്ടകം സുരേഷ് എന്നിവരാണ് മന്ത്രിസഭാംഗമാവാൻ മുൻനിരയിലുള്ളത്. കോൺഗ്രസിന്റെ സീനിയർ എന്ന നിലയിൽ തിരുവഞ്ചൂർ മന്ത്രി പദം ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്. എന്നാൽ ചാണ്ടി ഉമ്മൻ. നാട്ടകം സുരേഷ് എന്നിവർ മന്ത്രി പദവിയിൽ എത്തണമെങ്കിൽ കോൺഗ്രസ് ദേശീയ നേതൃത്വമോ അല്ലെങ്കിൽ സമുദായ നേതാക്കളുടെ പിന്തുണയും അനിവാര്യമാണ്. ശിവഗിരിയുമായി ചാണ്ടിനെ വളരെ നല്ല ബന്ധമാണ്. കണിച്ചുകുളങ്ങര വഴിയാണ് നാട്ടകം സുരേഷിന്റെ ശ്രമം. വി എൻ വാസവനെ ഏറ്റുമാനൂരിൽ തോൽപ്പിച്ച കോൺഗ്രസ് നേതാവ് എന്ന പ്രതിച്ഛായയാണ് നാടകത്തിനുള്ളത്. വാസവൻ പരാജയപ്പെട്ടെങ്കിലും അതേ മണ്ഡലത്തിൽ സമുദായംഗം വിജയിച്ചതിന്റെ ആനുകൂല്യം വെള്ളാപ്പള്ളിയിൽ നിന്നും നേടിയെടുക്കാൻ ആണ് ശ്രമിക്കുന്നത്.