Spread the love

ഇടുക്കി: സ്വന്തം മകനെ മദ്യലഹരിയിൽ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിതാവ് പിടിയിൽ. ഉടുമ്പന്നൂർ സ്വദേശി നജീബിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഇയാൾ പതിനഞ്ചുകാരനായ മകനെ ക്രൂരമായി മർദിക്കുകയായിരുന്നു. മദ്യപിച്ച് വീട്ടിലെത്തിയ നജീബ് യാതൊരു പ്രകോപനവുമില്ലാതെയാണ് മകനെ ആക്രമിച്ചത്.

വീട്ടിലിരുന്ന വടിയും കസേരയും ഉപയോഗിച്ചാണ് നജീബ് മകനെ തല്ലിയതെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. മർദ്ദനത്തിൽ പരിക്കേറ്റ കുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് നജീബിനെ കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്. ചൈൽഡ് ലൈൻ അധികൃതർ സ്ഥലത്തെത്തി കുട്ടിയുടെ ആരോഗ്യനിലയും സുരക്ഷയും വിലയിരുത്തി. കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.