Spread the love

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ അന്താരാഷ്ട്ര ജോയിന്റ്–ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾക്ക് തുടക്കം. പ്രമുഖ വിദേശ യൂണിവേഴ്സിറ്റികളുമായി ധാരണാ പത്രം ഒപ്പുവച്ചു

കോട്ടയം: ഉന്നത വിദ്യാഭ്യാസ രംഗത്ത്  അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താനുള്ള ചുവടുവെപ്പുമായി  മഹാത്മാഗാന്ധി സർവകലാശാല അന്താരാഷ്ട്ര ജോയിന്റ് ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾ ആരംഭിക്കുന്നു. സർവകലാശാലാ ക്യാമ്പസിലും അനുബന്ധ കോളേജുകളിലുമായാണ് ഈ കോഴ്‌സുകൾ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി, സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റി, ഗെന്റ് യൂണിവേഴ്‌സിറ്റി, ലീഡ്സ് ബെക്കറ്റ് യൂണിവേഴ്‌സിറ്റി (യുകെ) തുടങ്ങിയ വിഖ്യാത വിദേശ സർവകലാശാലകളുമായി എം.ജി. സർവകലാശാല ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.

കേരളത്തിലെ ഒരു പൊതു സർവകലാശാല ആദ്യമായാണ് അന്താരാഷ്ട്ര ഡ്യുവൽ ഡിഗ്രി  പ്രോഗ്രാമുകൾക്ക് തുടക്കമിടുന്നത്. ആദ്യ അന്താരാഷ്ട്ര ഡ്യുവൽ ഡിഗ്രി പ്രോഗ്രാമായ മാസ്റ്റർ ഓഫ് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ കോഴ്‌സ് എറണാകുളം സെന്റ് തെരേസാസ് കോളേജും (ഓട്ടോണമസ്)  ലീഡ്സ് ബെക്കറ്റ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് ആരംഭിക്കുന്നത്.

കേരളത്തിലെ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ബിരുദങ്ങൾ നേടാനുള്ള വർധിച്ചുവരുന്ന ആവശ്യം മുൻനിർത്തിയാണ് ഈ നീക്കമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. സി. ടി. അരവിന്ദകുമാർ പറഞ്ഞു. ഈ സംരംഭം കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനോടൊപ്പം മലയാളി വിദ്യാർത്ഥികളുടെ ആഗോള തൊഴിൽ സാധ്യത വർധിപ്പിക്കുകയും സംസ്ഥാനത്തുനിന്നുള്ള വൻതോതിലുള്ള വിദ്യാർത്ഥി കുടിയേറ്റം കുറയ്ക്കാനും സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ പ്രോഗ്രാമുകളിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ത്യയ്ക്ക് പുറത്തുള്ള രണ്ട് അല്ലെങ്കിൽ അതിലധികം ക്യാമ്പസുകളിൽ പഠനം നടത്താനുള്ള അവസരം  ലഭിക്കും. വിദ്യാർത്ഥികൾ എം.ജി. സർവകലാശാലയിൽ പഠനം ആരംഭിച്ച് ഇതര സർവകലാശാലകളിൽ പഠനം പൂർത്തിയാക്കുകയും, സംയുക്തമായോ അല്ലെങ്കിൽ ഓരോ സ്ഥാപനങ്ങളിൽ നിന്നു പ്രത്യേകമായോ ബിരുദം നേടുകയും ചെയ്യും. മുഴുവൻ പഠനകാലവും വിദേശത്ത് ചെലവഴിക്കാതെ തന്നെ അന്താരാഷ്ട്ര അംഗീകാരം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.