Spread the love

വാഷിങ്ടണ്‍: യുഎസിൽ കാണാതായ 27കാരിയായ ഇന്ത്യൻ യുവതിയെ മുൻ കാമുകന്റെ അപ്പാർട്ട്മെന്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഡാറ്റ സ്ട്രാറ്റജി അനലിസ്റ്റായ നികിത ഗോഡിശാലയാണ് കൊല്ലപ്പെട്ടതെന്ന് ഹോവാർഡ് കൗണ്ടി പൊലീസ് പറഞ്ഞു.

യുവതിയെ പുതുവത്സരാഘോഷത്തിനിടെയാണ് കാണാതാകുന്നത്. പിന്നാലെ നടത്തിയ അന്വേക്ഷണത്തിലാണ് യുഎസിലെ മെരിലാൻഡിലെ അപ്പാർട്ട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

നികിതയുടെ മുൻ കാമുകനായ അർജുൻ ശർമ്മയുടെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ജനുവരി 2 നാണ് നികിതയെ കാണാനില്ലെന്ന് അർജുൻ ശർമ്മ പൊലീസിൽ റിപ്പോർട്ട് ചെയ്തത്. കൂടാതെ ഡിസംബർ 31 ന് തന്‍റെ അപ്പാർട്ട്മെന്റിൽ വച്ചാണ് നികിതയെ അവസാനമായി കണ്ടതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ജനുവരി 3 ന് അപ്പാർട്ട്മെന്റിൽ എത്തിയ പൊലീസാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

നികിതയെ കാണാതായതായി റിപ്പോർട്ട് ചെയ്ത അതേ ദിവസം തന്നെ അർജുൻ ശർമ ഇന്ത്യയിലേക്ക് പോയതായും പൊലീസ് പറഞ്ഞു. അതേസമയം ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.