മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടിയും അവതാരകയും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ വർഷ. താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന മിക്ക വീഡിയോകൾക്കും നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ വർഷ തന്റെ സ്വകാര്യ ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെക്കുറിച്ച് മനസ് തുറക്കുന്നു. താൻ മാനസികമായും സാമ്പത്തികമായും തകർന്നുപോയ വർഷമായിരുന്നു 2025 എന്ന് താരം വെളിപ്പെടുത്തി. തന്റെ വിവാഹബന്ധം വേർപിരിഞ്ഞതായും സാമ്പത്തികമായി ചതിക്കപ്പെട്ടതായും വർഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
താൻ ഒരു ബി.എം.ഡബ്ല്യു കാർ സ്വന്തമാക്കിയതും അഞ്ചോളം രാജ്യങ്ങൾ സന്ദർശിച്ചതും ഉൾപ്പെടെ കരിയറിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വർഷമായിരുന്നു ഇത്. എന്നാൽ, ഈ ആഡംബരങ്ങൾക്കിടയിലും താൻ തികച്ചും ഒറ്റയ്ക്കായിരുന്നു എന്ന് വർഷ പറയുന്നു.
“യാത്രകൾ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ കൂട്ടിന് ആരുമില്ലാത്ത അവസ്ഥയായിരുന്നു എന്റേത്. ഇത്രയധികം ഒറ്റപ്പെടാനോ ഇത്രയ്ക്ക് സ്ട്രോങ്ങ് ആകാനോ ഞാൻ ആഗ്രഹിച്ചിരുന്നില്ല” – വർഷ പറയുന്നു.
മലയാളത്തിലെ തന്നെ ഏറ്റവും ടോപ്പ് ടെലിവിഷൻ ഷോയില്‍ അവതാരകയായി അതേ വർഷം തന്നെയാണ് ഉത്കണ്ഠ, നെഞ്ചിടിപ്പ് കൂടുക, പാനിക് അറ്റാക്ക് തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ താൻ കഴിച്ചുതുടങ്ങിയതെന്നും വർഷ പറയുന്നു. ശെരിക്കും താൻ ഉറങ്ങാൻ വേണ്ടി കൊതിച്ച രാത്രികളായിരുന്നു അത്. നേരം വെളുക്കുന്നത് പോലും തനിക്ക് പേടിയായിരുന്നു. സാമ്പത്തികമായി വലിയൊരു തുക തന്റെ തെറ്റുകൊണ്ടല്ലാതെ നഷ്ടപ്പെട്ടതായും താൻ ക്രൂരമായി ചതിക്കപ്പെട്ടതായും വർഷ കൂട്ടിച്ചേർത്തു.
കാനഡയിൽ ജോലി ചെയ്യുന്ന അക്ഷയുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞതിനെക്കുറിച്ചും താരം സൂചന നൽകി. ചായാൻ ഒരു തണലില്ലാത്തതിനാൽ ക്ഷീണമുണ്ടെങ്കിലും മുന്നോട്ട് ഓടിയേ പറ്റൂ എന്ന തിരിച്ചറിവിലാണ് താനെന്നും ഈ വർഷം തന്റെ കണ്ണ് തുറപ്പിച്ചുവെന്നും വർഷ പറഞ്ഞു. താരത്തെ ആശ്വസിപ്പിച്ചും പിന്തുണച്ചും നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്.

