കോട്ടയം: സീരിയൽ നടൻ മദ്യലഹരിയിൽ വാഹനമോടിച്ചു വഴിയാത്രക്കാരനെ ഇടിച്ചിട്ടു. ഉപ്പും മുളകും സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവാണ് അപകടമുണ്ടാക്കിയത്. ഇന്നലെ രാത്രി എംസി റോഡിൽ കോട്ടയം നാട്ടകത്തായിരുന്നു അപകടം. സിദ്ധാർഥ് ഓടിച്ച കാർ ലോട്ടറി വിൽപ്പനക്കാരനെയാണ് ഇടിച്ചത്.
അപകട ശേഷം നാട്ടുകാരുമായും പൊലീസുമായും സിദ്ധാര്‍ഥ് പ്രഭു വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. ചിങ്ങവനം പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചു എന്ന് തെളിഞ്ഞു.
കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപനക്കാരനായ കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു.
ഇദ്ദേഹം ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ സിദ്ധാർഥുമായി വാക്കുതർക്കമുണ്ടായി. നാട്ടുകാരെ അസഭ്യം പറഞ്ഞതോടെ കയ്യാങ്കളിയായി.

