Spread the love

കോട്ടയം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ‘സ്വദേശി’, ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നീ പ്രമേയങ്ങളിലൂന്നിയുള്ള രണ്ടാഴ്ച നീളുന്ന പരിപാടിയുമായി ബിജെപി.17-ന് ആരംഭിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് വരെ നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ‘സേവ പഖ്വാഡ’ എന്ന പേരിലായിരിക്കും പരിപാടി. കേന്ദ്രസര്‍ക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനസര്‍ക്കാരുകളും ഒട്ടേറെ പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി ‘സ്വദേശി’, ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നിവയെ സംഘടന പ്രോത്സാഹിപ്പിക്കും. ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികം സെപ്റ്റംബര്‍ 25-നും മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ജന്മവാര്‍ഷികം ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനുമാണ്. ഇവകൂടി കണക്കിലെടുത്താണ് ആഘോഷപരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. തദ്ദേശീയ ഉത്പന്നങ്ങളുടെ പ്രചാരം ലക്ഷ്യമിട്ടുള്ള പ്രദര്‍ശനം, ‘വികസിത് ഭാരത്’ എന്ന വിഷയത്തില്‍ ചിത്രരചനാ മത്സരം, വൃക്ഷത്തൈ നടല്‍, രക്തദാനം, ആരോഗ്യപരിശോധനാ ക്യാമ്പുകള്‍, ശുചീകരണയജ്ഞം തുടങ്ങിയവ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജന്മദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന സേവാ പാക്ഷികത്തിന്റെ സംസ്ഥാന ശില്പശാല കോട്ടയം വെസ്റ്റ് ജില്ലാ ഓഫീസില്‍ നടന്നു.ബിജെപി മേഖലാ പ്രസിഡന്റ് എന്‍. ഹരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീമതി ശോഭ സുരേന്ദ്രന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് സി കൃഷ്ണകുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ രേണു സുരേഷ് , പന്തളം പ്രതാപന്‍,കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.

ബിജെപിയുടെ സംസ്ഥാനത്തെ 30 സംഘടന ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ശില്‍പശാലയില്‍ പങ്കെടുത്തു.