നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടന്ന് മുന്നണികള്‍. ഇതുവരെയും ഒരു മുന്നണിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അണിയറയില്‍ പല പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
യു.ഡി.എഫില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്, ഡിസിസി പ്രസിഡന്റ് വി.എസ് ജോയി എന്നിവരുടെ പേരുകളാണ് മുഴങ്ങി കേള്‍ക്കുന്നത്. ഈ പേരുകളില്‍ ഒരു സമവായത്തിലെത്താന്‍ നേതാക്കള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ആര്യാടന്‍ ഷൗക്കത്തും ജോയിയും സ്ഥാനാര്‍ത്ഥി മോഹവുമായി മണ്ഡലത്തിലുടനീളം അനൗദ്യോഗിക പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. രണ്ടുപേരും സ്ഥാനാര്‍ത്ഥി മോഹം ഉപേക്ഷിക്കാതെ അണിയറയില്‍ ചരടുവലികള്‍ നടത്തുമ്പോള്‍ ആരെ കൊള്ളും, ആരെ തള്ളും എന്നറിയാതെ വിഷമിക്കുകയാണ് യുഡിഎഫ് നേതൃത്വം. തര്‍ക്കം മുറുകിയാല്‍ മൂന്നാമതൊരു സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരാനുള്ള ചര്‍ച്ചകളും സജീവമാണ്. സാക്ഷാല്‍ പി. വി അന്‍വര്‍ തന്നെ മത്സരരംഗത്തുവരാനും സാദ്ധ്യതയുണ്ട്.
യുഡിഎഫിന്റ് സ്ഥാനാര്‍ത്ഥി ആരെന്ന പ്രഖ്യാപനം വന്നതിനുശേഷം തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ മതിയെന്ന നിലാപാടാണ് ഇടതുപക്ഷത്തിന്. നിലമ്പൂര്‍കാരന്‍ കൂടിയായ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജിന്റെ പേരാണ് സിപിഎം പരിഗണിക്കുന്നതെന്ന് അറിയുന്നു. നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം, ജില്ലാകമ്മിറ്റിയംഗം വിഎം ഷൗക്കത്ത്, ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയ് എന്നീ പേരുകളും എല്‍ഡിഎഫില്‍നിന്ന് ഉയരുന്നുണ്ട്. സ്വതന്ത്രരെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ആലോചനയും സിപിഎമ്മിലുണ്ട്.
ബിജെപി വലിയ പ്രതീക്ഷ വച്ചുപുലര്‍ത്താത്ത മണ്ഡലമാണ് നിലമ്പൂര്‍ എങ്കിലും മുതിര്‍ന്ന നേതാക്കളില്‍ ആരെങ്കിലും മത്സരിക്കാനാണ് സാദ്ധ്യത.