തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. മലപ്പുറത്തും കോഴിക്കോടും വയനാടും കണ്ണൂരും കാസർകോടും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. കേരള തീരത്ത് ഇന്നും നാളെയും 0.9 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരയ്ക്കു സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷദ്വീപ് തീരത്ത് 28 വരെ മത്സ്യബന്ധനത്തിനു വിലക്ക് ഏർപ്പെടുത്തി.
അതേസമയം ഇന്നലെ രാത്രി പെയ്ത മഴയിൽ പലയിടത്തും വ്യാപക നാശനഷ്ടമുണ്ടായി. മരം വീണ് നെല്ലിയാമ്പതിയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച വയനാട് ജില്ലയിൽ അതീവ ജാഗ്രത തുടരുകയാണ്. ജില്ലയിൽ ഇന്നലെ രാത്രിയിലും ശക്തമായ മഴ തുടർന്നു. തവിഞ്ഞാൽ, തൊണ്ടർനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കനത്ത മഴപെയ്തു. വൈത്തിരി ,ചൂരൽമല , പുത്തുമല പ്രദേശങ്ങളിലും ശക്തമായ മഴയാണ് ഉണ്ടായത്. തവിഞ്ഞാൽ, പൊഴുതന, മുട്ടിൽ, തരിയോട്, മേപ്പാടി പഞ്ചായത്തുകളിൽ അധികൃതർ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.