Spread the love

കൊച്ചി:വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പല്‍ കൊച്ചി പുറങ്കടലില്‍ അപകടത്തില്‍പ്പെട്ട് കണ്ടെയ്‌നറുകള്‍ കടലില്‍ വീണു. കൊച്ചിയിലേക്കു വന്ന എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പലാണു തീരത്തു നിന്നു 38 നോട്ടിക്കല്‍ മൈല്‍ (70.3 കിലോമീറ്റര്‍) തെക്കു പടിഞ്ഞാറായി ചെരിഞ്ഞത്. കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.

കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ 21 പേരെ തീരസേനയും നാവികസേനയും ചേര്‍ന്നു രക്ഷപ്പെടുത്തി. ക്യാപ്റ്റനും 2 എന്‍ജിനീയര്‍മാരും കപ്പലിലുണ്ടെന്നും ഇവരെ വൈകാതെ രക്ഷപ്പെടുത്തുമെന്നും സേനാവൃത്തങ്ങള്‍ അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 1.25ന് ആണ് കപ്പല്‍ 26 ഡിഗ്രി ചെരിഞ്ഞുവെന്നും കണ്ടെയ്‌നറുകളില്‍ ചിലതു കടലില്‍ വീണെന്നുമുള്ള സന്ദേശം തീരസേനയുടെ രക്ഷാകേന്ദ്രത്തില്‍ ലഭിച്ചത്. തുടര്‍ന്ന്, പ്രതികൂല കാലാവസ്ഥയെ അവഗണിച്ചു തീരസേനയുടെ ഡോണിയര്‍ വിമാനവും പട്രോള്‍ യാനങ്ങളായ ഐസിജിഎസ് അര്‍ണവേഷ്, ഐസിജിഎസ് സക്ഷം എന്നിവയും നാവികസേനയുടെ പട്രോള്‍ യാനമായ ഐഎന്‍എസ് സുജാതയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. ശക്തമായ കാറ്റിനെത്തുടര്‍ന്നാണ് അപകടമെന്നു കരുതുന്നു.

ചെരിഞ്ഞ കപ്പലില്‍നിന്നു ലൈഫ് ജാക്കറ്റ് ധരിച്ചു വെള്ളത്തില്‍ ചാടിയ ഏതാനും ജീവനക്കാരെ അപായസന്ദേശം ലഭിച്ച് എത്തിയ മറ്റൊരു ചരക്കുകപ്പലാണു രക്ഷപ്പെടുത്തിയത്. റഷ്യന്‍ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീന്‍സ് സ്വദേശികളും യുക്രെയ്‌നില്‍ നിന്നുള്ള 2 പേരും ഒരു ജോര്‍ജിയന്‍ സ്വദേശിയുമാണു കപ്പലിലുണ്ടായിരുന്നത്. കൊളംബോ, തൂത്തുക്കുടി, വിഴിഞ്ഞം, കൊച്ചി, പനമ്പൂര്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ചു ചരക്കു കടത്തുന്ന കപ്പലാണിത്.

തിരക്കേറിയ രാജ്യാന്തര കപ്പല്‍പ്പാതയില്‍ കണ്ടെയ്‌നറുകള്‍ ഒഴുകിനടക്കുന്നതു ഗുരുതരമായ സുരക്ഷാപ്രശ്‌നമാണ്. മറ്റു കപ്പലുകളുടെ പ്രൊപ്പല്ലറുകള്‍ ഇതിലിടിച്ചാല്‍ വലിയ അപകടമുണ്ടാകും. ഇതേ പാതയില്‍ സഞ്ചരിക്കുന്ന എല്ലാ കപ്പലുകള്‍ക്കും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് മുന്നറിയിപ്പു നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ചെരിഞ്ഞു നില്‍ക്കുന്ന കപ്പല്‍ മുങ്ങുന്ന സാഹചര്യമുണ്ടായാല്‍ കടലില്‍ എണ്ണപ്പാടയുണ്ടാകാനും വലിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ട്. ഇത്തരത്തില്‍ എണ്ണപ്പാടയുണ്ടായാല്‍ നീക്കാനുള്ള നടപടി തീരസേന സ്വീകരിക്കും.

നാനൂറിലേറെ കണ്ടെയ്‌നറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നുവെന്നാണു വിവരം. ഇതില്‍ അപകടകരമായ വസ്തുക്കള്‍ ഉള്ള കണ്ടെയ്‌നറുകള്‍ തന്നെയാണോ കടലില്‍ വീണതെന്ന് ഇനിയും വ്യക്തമായിട്ടില്ല. കണ്ടെയ്‌നറുകളില്‍നിന്ന് എണ്ണയുടെയും അപകടകരമായ വാതകങ്ങളുടെയും ചോര്‍ച്ചയ്ക്ക് ഇടയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണു ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കിയത്. മത്സ്യബന്ധന ബോട്ടുകളും മറ്റും ഇവയുടെ അടുത്തേക്കു പോകുകയോ തൊടുകയോ ചെയ്യരുത്. കേരള തീരത്ത് എവിടെ വേണമെങ്കിലും കണ്ടെയ്‌നറുകള്‍ അടിയാനുള്ള സാധ്യതയുണ്ട്. തൃശൂര്‍, കൊച്ചി, ആലപ്പുഴ തീരങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പൊതുജനങ്ങള്‍ കണ്ടെയ്‌നറുകളുടെ അടുത്ത് പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. ചില പ്രദേശങ്ങളില്‍ എണ്ണപ്പാട വന്നടിയാനും സാധ്യതയുള്ളതായി മുന്നറിയിപ്പിലുണ്ട്.