കോട്ടയം : വിജയമധുരം മായും മുമ്പേ വിദ്യാര്‍ഥിനിക്ക് അപകട മരണം.ഹയര്‍ സെക്കന്ററി പരീക്ഷയിലെ വിജയം അറിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് വിദ്യാര്‍ഥിനി കാറിടിച്ചു മരിച്ചത്. സമ്മാനം വാങ്ങാന്‍ അമ്മയ്‌ക്കൊപ്പം മാര്‍ക്കറ്റിലെത്തിയപ്പോഴായിരുന്നു അപകടം. തോട്ടയ്ക്കാട് മാടത്താനി വടക്കേമുണ്ടയ്ക്കല്‍ വി.ടി.രമേശിന്റെ മകള്‍ ആര്‍.അഭിദ പാര്‍വതിയാണ് (18) മരിച്ചത്. അമ്മ കുറുമ്പനാടം സെന്റ് ആന്റണീസ് എല്‍പി സ്‌കൂള്‍ അധ്യാപിക കെ.ജി.നിഷയെ (47) ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി ഏഴോടെ കോട്ടയം കെകെ റോഡില്‍ മാര്‍ക്കറ്റ് ജംഗ്ഷനിലായിരുന്നു അപകടം. തൃക്കോതമംഗലം ഗവ. വിഎച്ച്എസ്എസിലെ വിദ്യാര്‍ഥിയായ അഭിദയുടെ പരീക്ഷാഫലം ഇന്നലെയാണ് വന്നത്. വിഎച്ച്എസ്ഇ വെബ് ഡവലപ്പര്‍ ട്രേഡ് വിദ്യാര്‍ഥിനിയായ അഭിദ ഉപരിപഠനത്തിനു യോഗ്യത നേടിയിരുന്നു. ഇതിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ മകള്‍ക്കു സമ്മാനം വാങ്ങി നല്‍കാനാണ് അമ്മ നിഷ, അഭിദയുമായി കോട്ടയം മാര്‍ക്കറ്റില്‍ എത്തിയത്. ബസിറങ്ങിയ ശേഷം റോഡ് കുറുകെ കടക്കുന്നതിനിടെ കലക്ടറേറ്റ് ഭാഗത്തുനിന്നെത്തിയ കാര്‍ ഇരുവരെയും ഇടിച്ചുവീഴ്ത്തുകയായിരുന്നു.
നാട്ടുകാര്‍ അമ്മയെയും മകളെയും കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിദയെ രക്ഷിക്കാനായില്ല. സഹോദരി: അഭിജ.ഗുരുതരമായി പരുക്കേറ്റ നിഷയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അപകടം വരുത്തിയ കാര്‍ കസ്റ്റഡിയില്‍ എടുത്തു. അയ്മനം സ്വദേശികളായ കുടുംബമാണു കാറില്‍ സഞ്ചരിച്ചിരുന്നത്.