തിരുവനന്തപുരം: പോലീസുകാരിയെ ബലാല്‍സംഗം ചെയ്ത സംഭവം ഒതുക്കിത്തീര്‍ക്കാന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ട ആരോപണത്തില്‍ സസ്പെന്‍ഷനിലായ അസിസ്റ്റന്റ് കമന്‍ഡാന്റിനും സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ക്കുമെതിരെ അന്വേഷണം ഉടന്‍ തുടങ്ങും. അന്വേഷണ ഉദ്യോഗസ്ഥനെ ഒരാഴ്ചയ്ക്കകം തീരുമാനിക്കും.
ബലാല്‍സംഗക്കേസില്‍ പ്രതിയായ സബ് ഇന്‍സ്പെക്ടര്‍ വില്‍ഫര്‍ ഫ്രാന്‍സിസില്‍നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ട കെഎപി മൂന്നാം ബറ്റാലിയന് അസിസ്റ്റന്റ് കമന്‍ഡാന്റ് സ്റ്റാര്‍മോന്‍ ആര്.പിള്ള, സൈബര്‍ ഓപ്പറേഷന്‍സ് ഓഫിസ് റൈറ്റര്‍ അനു ആന്റണി എന്നിവരെയാണു കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തത്. വില്‍ഫര്‍ തന്നെ ബലാല്‍സംഗം ചെയ്തെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ ഇടപെട്ട ഇവര്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പണം ആവശ്യപ്പെട്ടെന്ന പരാതിയിലാണു നടപടി. കഴിഞ്ഞ നവംബര്‍ 16നാണ് ഉദ്യോഗസ്ഥ ബലാല്‍സംഗത്തിനിരയായത്. തുടര്‍ന്ന് വില്‍ഫറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവരമറിഞ്ഞിട്ടും നടപടിയെടുക്കുന്നതിനും നിയമസഹായം നല്‍കുന്നതിനും പകരം ഒത്തുതീര്‍പ്പിനായി പണം ആവശ്യപ്പെട്ടത് ഗുരുതരകുറ്റമാണെന്നു സസ്പെന്ഷന് ഉത്തരവില്‍ ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ഇരുവരും പൊലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും ഉത്തരവില്‍ പറയുന്നു.
ഉദ്യോഗസ്ഥര്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നത് വ്യാജ പരാതിയാണെന്നും പ്രതി വില്‍ഫര്‍ ആണ് പിന്നിലെന്നും ബലാല്‍സംഗത്തിനിരയായ പൊലീസ് ഉദ്യോഗസ്ഥ. പറയുന്നത്.വില്‍ഫര്‍ എന്നെ ആക്രമിച്ച് ഒരു ദിവസം കഴിഞ്ഞാണ് അനു ആന്റണിയെയും സ്റ്റാര്‍മോനെയും വിവരമറിയിച്ചത്. പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് അനു എന്നെ ഫോണില്‍ വിളിച്ചു നേരിട്ടു കാണെണമെന്നു പറഞ്ഞു. ആശുപത്രിയില്‍ നിന്നിറങ്ങിയ ശേഷം സ്റ്റാര്‍മോനൊപ്പം താന്‍ പൊലീസ് ആസ്ഥാനത്തിനു മുന്നിലെത്തി. അവിടെ വച്ച് കാറില്‍ കയറിയ അനു, കേസ് ഒത്തുതീര്‍പ്പാക്കാന്‍ പറ്റുമോയെന്നു ചോദിച്ചു. പറ്റില്ലെന്നു ഞാന്‍ പറഞ്ഞു. പിറ്റേന്ന് വില്‍ഫര്‍ അറസ്റ്റിലായി. തുടര്‍ന്നുള്ള 10 ദിവസങ്ങള്‍ ഞാന്‍ ആശുപത്രിയിലായിരുന്നു. സ്റ്റാര്‍മോന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നതു നുണയാണ്. സ്റ്റാര്‍മോന്‍ കുടുംബസുഹൃത്തും ലോക്കല്‍ ഗാര്‍ഡിയനുമാണ്..