ദില്ലി: ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലയിൽ പാകിസ്ഥാന്റെ ഡ്രോണുകള്‍ അടക്കം ഉപയോഗിച്ചുള്ള ആക്രമണം തുടരുന്നതിനിടെ ഷെല്ലാക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയിലാണ് ഷെല്ലാക്രമണത്തിൽ യുവതി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം പാകിസ്ഥാന്റെ ഏതു ഹീനമായ നീക്കത്തെയും ചെറുത്ത് ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യൻ ആര്‍മി. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇന്ത്യൻ ആര്‍മി എക്സിൽ കുറിച്ചു. നിയന്ത്രണ രേഖയിലടക്കമുണ്ടായ വെടിവെയ്പ്പിന് ശക്തമായ തിരിച്ചടി ഇന്ത്യ നൽകിയെന്നും സൈന്യം വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രിയാണ് രാജ്യത്തെ സൈനികകേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമാക്കി പാകിസ്താൻ വ്യോമാക്രമണത്തിന് മുതിര്‍ന്നത്. എന്നാൽ, വ്യോമ പ്രതിരോധസംവിധാനം ഉപയോഗിച്ച് പാക് മിസൈലുകളും ഡ്രോണുകളും തകർത്തിട്ടു. പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങളും 50-ഓളം ഡ്രോണുകളും പത്തോളം മിസൈലുകളും തകർത്തു. രണ്ട് ചൈനീസ് നിർമിത ജെഎഫ് 17എസ്, എഫ് 16 യുദ്ധവിമാനങ്ങളാണ് തകര്‍ത്തത്. പാക് പൈലറ്റിനെ ഇന്ത്യ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.
അതേസമയം അതിർത്തി സംസ്ഥാനങ്ങളിൽ ഉടനീളം കടുത്ത ജാഗ്രത തുടരുകയാണ്. ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ സൈനിക വിഭാഗങ്ങൾ സജ്ജമാണ്. സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ വിവിധ സംസ്ഥാനങ്ങളിലെ സർക്കാറുകൾ നിർദേശം നൽകിയിട്ടുണ്ട്.
അതിനിടെ അതിർത്തിക്കടുത്തുള്ള പല ജില്ലകളിലെയും സംസ്ഥാന പൊലീസ് സേനകളിലെ ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കിയിരിക്കുകയാണ്. ദില്ലിയിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥരോടും അവധി റദ്ദാക്കി ജോലികളിൽ പ്രവേശിക്കാൻ സർക്കാർ നിർദേശം നൽകുകയും ചെയ്തു.