ന്യൂഡല്‍ഹി:ജമ്മുവിനേയും പഞ്ചാബിനേയും ലക്ഷ്യമിട്ട് പാക് ആക്രമണശ്രമം. ജമ്മുവിൽ തുടർച്ചയായി മിസൈലുകൾ തൊടുത്തുവിട്ട പാക്ക് യുദ്ധവിമാനം എഫ്– 16 ഇന്ത്യൻ സേന വീഴ്ത്തി. ജമ്മു വിമാനത്താവളവും റെയില്‍വെ സ്‌റ്റേഷനും ലക്ഷ്യമാക്കി ഡ്രോണുകള്‍ തൊടുത്തുവിട്ടു. സൈന്യം ഡ്രോണുകള്‍ വെടിവച്ചിട്ട് ശക്തമായി തിരിച്ചടിച്ചു. ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജമ്മുവിലാകെ ആകെ 50 ഡ്രോണുകള്‍ വെടിവച്ചിട്ടു.
അതേസമയം പലയിടത്തും സൈറൺ മുഴങ്ങിയിട്ടുണ്ട്. ഇന്ന് സന്ധ്യയോടെയാണ് ആക്രമണശ്രമം ഉണ്ടായത്. തുടരെത്തുടരെ സ്ഫോടനശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തരായി. അതേസമയം ജമ്മുവും കുപ് വാരയും ബ്ലാക് ഔട്ടിലേക്ക് നീങ്ങിയിരിക്കുകയാണ്. ഡ്രോണുകള്‍ എത്തിയത് ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടാണ്. ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്ക് ഈ ഡ്രോണുകളെ പൂര്‍ണമായും വെടിവെച്ചിടാന്‍ സാധിച്ചതായാണ് ലഭ്യമായ വിവരം. ഉയര്‍ന്ന ശബ്ദത്തിലുള്ള സ്ഫോടനങ്ങള്‍ ബോംബിങ്, ഷെല്ലിങ്, മിസൈല്‍ സ്ട്രൈക്കിങ് എന്നിവയുടേതാകാമെന്നാണ് സൂചന.
പാകിസ്താന്‍ അയച്ച എട്ട് മിസൈലുകളും വെടിവെച്ചിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ ഷെല്ലാക്രമണവും നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ന് രാവിലെയാണ് ഓപ്പറേഷന്‍ സിന്ദൂറിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ സൈന്യം വീണ്ടും തിരിച്ചടിച്ചത്. പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലാഹോറിലെ പാക് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.