അടിമാലി: മാങ്കുളം ആനക്കുളം പേമരം വളവില്‍ വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലര്‍ 30 അടി താഴ്ച്ചയിലേക്ക് പതിച്ച് അപകടം. പാലക്കാട് നിന്ന് ആനക്കുളത്തേക്ക് വിനോദ സഞ്ചാരത്തിനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ 17 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
അപകടത്തില്‍ പരിക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അപകടം നടന്നത്. ആനക്കുളത്ത് ബുക്ക് ചെയ്തിരുന്ന താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. കുത്തനെയുള്ള ഇറക്കമിറങ്ങുന്നതിനിടയില്‍ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ കൊക്കയിലേക്ക് തല കീഴായി പതിക്കുകയായിരുന്നു.
അപകടം നടന്ന ഉടന്‍ പ്രദേശവാസികള്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്കെത്തിക്കുകയും ചെയ്തു. പാതയോരത്തെ സുരക്ഷാവേലി തകര്‍ത്താണ് വാഹനം താഴേക്ക് പതിച്ചത്.