കോട്ടയം : കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിനു കാരണം പെൺസുഹൃത്ത് ഉപേക്ഷിച്ചു പോയതിന്റെ പകയെന്നു പ്രതിയുടെ മൊഴി. മോഷ്ടിച്ച സി.സി.സി.ടി.വിയുടെ ഹാർഡ് ഡിസ്‌ക് തെളിവെടുപ്പിൽ തിരുവാതുക്കലിലെ തോട്ടിൽ നിന്ന് കണ്ടെടുത്തു.
പ്രതി കൊലനടത്തിയ ശേഷം റെയിൽവേ സ്റ്റേഷനു സമീപത്തെ ലോഡ്‌ജിൽ പോയി കുളിച്ചശേഷം ബസിൽ മാളയിലേക്ക് പോയി. കോഴിഫാമിൽ ജോലി ചെയ്യുന്ന നാട്ടുകാരനായ യുവാവിനൊപ്പം കഴിയുമ്പോഴാണ് പിടിയിലായത്.
അതേസമയം വിജയകുമാറിന്റെ ഫോൺ മോഷ്ടിച്ച പ്രതി ഗൂഗിൾ അക്കൗണ്ടിൽ നിന്ന് നമ്പറുകൾ മാറ്റാൻ ശ്രമിച്ചത് പൊലീസിന് പ്രതിയിലേക്ക് എത്താൻ കൂടുതൽ സഹായിച്ചു. സുഹൃത്തിനെ വിളിച്ചതും സി.സി.ടി.വി ദൃശ്യങ്ങളും കുടുക്കി. 11 ഫോണുകളാണ് കണ്ടെടുത്തത്.ഉച്ചയോടെ കോട്ടയത്ത് എത്തിച്ചു.
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ ടി.കെ. വിജയകുമാര്‍ (64), ഭാര്യ ഡോ. മീര വിജയകുമാര്‍ (60) എന്നിവരാണ് വീടിനുള്ളില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ജോലിക്കാരി രേവമ്മ വന്നപ്പോഴാണ് കൊലപാതകവിവരമറിയുന്നത്.
അക്രമി വീട്ടിനുള്ളിൽക്കയറിയ രണ്ടു മുറികളിൽ കിടന്നുറങ്ങിയിരുന്ന വിജയകുമാറിനെയും മീരയെയും കോടാലികൊണ്ട് മുഖത്ത് ഉൾപ്പെടെ വെട്ടി കൊലപ്പെടുത്തിയെന്നാണു പൊലീസിന്റെ നിഗമനം. ഇരുവരുടെയും വസ്ത്രങ്ങൾ പ്രതി വലിച്ചുകീറാനും ശ്രമിച്ചിട്ടുണ്ട്. തലയിൽ ആഴത്തിലേറ്റ മുറിവിൽനിന്നുള്ള രക്തസ്രാവമാണു മരണകാരണമെന്നാണു പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.