കോട്ടയം: കോട്ടയം തിരുവാതുക്കലിലെ ഇരട്ടക്കൊലപാതകത്തിൽ ആകെ ദുരൂഹത. ഇവരുടെ മകന്റെ മരണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ദുരൂഹ സാഹചര്യത്തിൽ വിജയകുമാറും ഭാര്യയും കൊല്ലപ്പെടുന്നത്.
ഇന്ന് രാവിലെയാണ് കോട്ടയത്ത് വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
2017 ൽ കോട്ടയത്തെ കാരിത്താസ് ആശുപത്രിക്ക് സമീപത്തെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ ആണ് വിജയകുമാറിന്റെ മകൻ ഗൗതം വിജയകുമാറിനെ കണ്ടെത്തിയത്. എന്നാൽ ഗൗതം മരിച്ചു കിടന്നിടത്ത് നിന്ന് കുറച്ചു മാറി പാർക്ക് ചെയ്തിരുന്ന അദ്ദേഹത്തിന്റെ കാറിൽ രക്തക്കറ ഉണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് പിതാവ് വിജയകുമാർ ഹൈക്കോടതിയെ സമീപിക്കുന്നത്. 2019-ലാണ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഈ മാർച്ചിലാണ് ഗൗതം വിജയകുമാറിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആരംഭിക്കുന്നത്. എന്നാൽ, സിബിഐ അന്വേഷണം ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോൾ വിജയകുമാറും ഭാര്യയും ദുരൂഹ സാഹചര്യത്തിൽ മരിക്കുന്ന സാഹചര്യമാണുണ്ടായത്.
ഗൗതം വിജയകുമാറിന്റെ ശരീരത്തിൽ സ്വയമുണ്ടാക്കിയ പരിക്കെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. എന്നാൽ, ഒരാൾക്ക് കഴുത്തിൽ ഒന്നിൽ കൂടുതൽ പരിക്ക് സ്വയം ഉണ്ടാക്കാൻ സാധിക്കില്ലെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. അതുകൊണ്ട് തന്നെ അതൊരു ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നുമുള്ള കണ്ടെത്തലായിരുന്നു ഹൈക്കോടതിയുടേത്.