Spread the love

കോട്ടയം: തിരുവാതുക്കലില്‍ ദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു.
കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് കൊല്ലപ്പെട്ടത്.
രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. പോലീസ് കൂടുതല്‍ പരിശോധനയും അന്വേഷണവും നടത്തുന്നു.

സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലുണ്ടെന്ന് സൂചനയുണ്ട്. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന് പുറമേ മറ്റ് ചില ബിസിനസ് സ്ഥാപനങ്ങളും വിജയകുമാറിന്റെ പേരിലുണ്ട്. വീട്ടില്‍ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം. വീട്ടില്‍ മോഷണ ശ്രമം നടന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു. വീട്ടിനുള്ളില്‍ നിന്ന് കോടാലി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയില്‍ അടിയേറ്റിട്ടുണ്ട്.

സംഭവത്തില്‍ വീട്ടില്‍ നേരത്തെ ജോലിക്കു നിന്നിരുന്ന ആസാം സ്വദേശിയെ ആണ് സംശയിക്കുന്നത്. ഇയാള്‍ വീട്ടില്‍ ജോലിക്കുനിന്ന സമയത്ത് മൊബൈല്‍ മോഷണം നടത്തിയിരുന്നു. ഇത് പോലീസ് കേസാവുകയും ചെയ്തിരുന്നു. ഈ ജോലിക്കാരന്‍ തന്നെയാണ് കസ്റ്റഡിയിലെന്നാണ് സൂചന.