കാഞ്ഞങ്ങാട് നെഹ്റു ബാലവേദി സർഗ്ഗവേദി ഏർപ്പെടുത്തിയ വിദ്വാൻ പി. കേളു നായർ പുരസ്കാരം പ്രശാന്ത് നാരായണന്. മരണാനന്തര ബഹുമതിയായാണ് പുരസ്കാരം.
നാടക മേഖലയിലെ മുപ്പത്തിയഞ്ചു വർഷക്കാലത്തെ പ്രശാന്ത് നാരായണൻ്റെ പ്രവർത്തനങ്ങളെ കണക്കിലെടുത്താണ് അവാർഡിനായി തിരഞ്ഞെടുത്തത് എന്ന് ജൂറി വിലയിരുത്തി.
സ്വാതന്ത്ര്യ സമര സേനാനി, സാമൂഹിക വിപ്ലവകാരി, കവി, നാടകകൃത്ത്, നടൻ, രംഗ ശിൽപ്പി, സംവിധായകൻ, സംഗീതജ്ഞൻ, ഗായകൻ, വാഗ്മി, വിദ്യാഭ്യാസ പ്രവർത്തകൻ, അധ്യാപകൻ എന്നിങ്ങനെ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച അസാധാരണ പ്രതിഭയായിരുന്നു കേളു നായർ.
വിജ്ഞാനദായിനി ദേശീയ വിദ്യാലയത്തിന്റെ അമരക്കാരനായി നിന്ന് വെള്ളിക്കോത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന് അടിത്തറ പാകിയ വ്യക്തി കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം അന്തരിച്ച പ്രമുഖ നാടകകാരൻ പ്രശാന്ത് നാരായണന് നൽകുന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് സംഘടനയുടെ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
പത്രപ്രവർത്തകൻ ശശിധരൻ മംഗത്തിൽ ക്ലബ്ബിന്റെ യുഎഇ കമ്മിറ്റി രക്ഷാധികാരി പി വിജയകുമാർ, ആർട്ടിസ്റ്റ് ശശിധരൻ വെള്ളിക്കോത്ത് എന്നിവരാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
പതിനയ്യായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് 2025 മെയ് പതിനൊന്നാം തീയതി വെള്ളിക്കോത്ത് വച്ച് നടക്കുന്ന വിദ്വാൻ പി അനുസ്മരണ പരിപാടിയിൽ അവാർഡ് വിതരണം ചെയ്യും.