Spread the love

ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് ക്രിസ്ത്യന്‍ സംഘടനയായ കാസ സുപ്രീംകോടതിയില്‍. കേരളത്തില്‍ നിന്നും വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് സുപ്രീംകോടതിയെ സമീപിക്കുന്ന ആദ്യ സംഘടനയാണ് കാസ.
വഖഫ് നിയമത്തിനെതിരെ മുസ്ലിം ലീഗ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി. വഖഫ് നിയമഭേദഗതി മുനമ്പം നിവാസികളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്ന് കാസ അഭിപ്രായപ്പെട്ടു.

സുപ്രീംകോടതിയില്‍ നിന്നുണ്ടാകുന്ന ഏതു തീരുമാനവും മുനമ്പം നിവാസികള്‍ക്ക് പ്രധാനപ്പെട്ടതാണ്. ക്രിസ്ത്യന്‍ മതവിഭാഗത്തിന്റെ താല്‍പ്പര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് നിയമം. വഖഫ് നിയമത്തിന്റെ ദുരുപയോഗം സുപ്രീംകോടതിയില്‍ തുറന്നു കാട്ടാന്‍ തയ്യാറാണെന്നും കാസ ( ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ ) വ്യക്തമാക്കി.

വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് ക്രിസ്ത്യന്‍ സംഘടന സുപ്രീംകോടതിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയതിനെ കേന്ദ്രസര്‍ക്കാര്‍ താല്‍പ്പര്യത്തോടെയാണ് കാണുന്നത്. വഖഫ് നിയമത്തിന്റെ ദുരുപയോഗം കോടതിയില്‍ നേരിട്ട് അവതരിപ്പിക്കാന്‍ കഴിയുന്ന സംഘടനകളിലൊന്നാണ് കാസയെന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു. കക്ഷിചേരല്‍ അപേക്ഷകള്‍ നിലനില്‍ക്കുമെന്നതിനാല്‍, കാസയുടെ നിലപാട് കോടതിയെ അറിയിക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകര്‍ സൂചിപ്പിക്കുന്നത്.