Spread the love

ഭുവനേശ്വർ: ഒഡീഷയിൽ കുഷ്ഠ രോഗികൾക്കിടയിൽ പ്രവർത്തിച്ച ഓസ്ട്രേലിയൻ സുവിശേഷകനായ ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും ജീവനോടെ കത്തിച്ച് കൊന്ന കേസിൽ പ്രതികളില്‍ ഒരാള്‍ ജയിൽമോചിതനായി.

ശിക്ഷായിളവ് ലഭിച്ച പ്രതികളിലൊരാളായ മഹേന്ദ്ര ഹെംബ്രാമാണ് ജയിൽ മോചിതനായത്. 25 വർഷമായി ജയിലിൽ കഴിയുന്ന മഹേന്ദ്ര ഹെംബ്രാമിന് നല്ലനടപ്പ് ആണെന്ന്‍ ‘നിരീക്ഷിച്ചാണ്’ ഒഡീഷ ഭരിക്കുന്ന ബി‌ജെ‌പി സർക്കാർ ശിക്ഷായിളവ് നൽകിയത്. തുടർന്ന് ഇന്നലെ ഒഡീഷയിലെ ജയിലിൽനിന്ന് ഹെംബ്രാം പുറത്തിറങ്ങി.

ആര്‍‌എസ്‌എസ് പോഷക സംഘടനകളായ വിശ്വഹിന്ദു പരിഷത്ത് (വി‌എച്ച്‌പി), ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിയെ ജയ് വിളിച്ചു സ്വീകരിച്ചു. മഹേന്ദ്ര ഹെംബ്രാമിനെ ജയ് വിളി മുഴക്കി ഗ്രാമത്തിലേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിന്നു.

ഇത് തങ്ങൾക്ക് ഒരു നല്ലദിവസമാണെന്നും സർക്കാരിന്റെ തീരുമാനം സ്വാഗതംചെയ്യുന്നതായും വിഎച്ച്പി ജോയിൻ്റ് സെക്രട്ടറി കേദാർ ഡാഷ് പറഞ്ഞു. ക്രൂരമായി കൊലപാതകം ചെയ്തവര്‍ക്കു നല്‍കിയ സ്വീകരണം വര്‍ഗ്ഗീയതയുടെ മൂര്‍ത്തീഭാവമായാണ് നിരീക്ഷിക്കുന്നത്.

ക്രിസ്ത്യന്‍ മിഷ്‌ണറിയായ ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ടു മക്കളേയും ഒഡീഷയിലെ തീവ്രഹിന്ദുത്വവാദികള്‍ ചുട്ടുകൊന്നതിന് ഇക്കഴിഞ്ഞ ജനുവരിയില്‍ 26 വര്‍ഷം തികഞ്ഞിരിന്നു.

1999 ജനുവരി 23 നാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗ്രഹാം സ്റ്റെയ്ൻസിനേയും അദ്ദേഹത്തിന്റെ ഏഴും ഒന്‍പതും വയസുള്ള മക്കളായ ഫിലിപ്പിനേയും തിമോത്തിയേയും അഗ്നിക്കിരയാക്കിയത്. ഒഡീഷയിലെ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഗ്രഹാം സ്‌റ്റെയിന്‍സിനെയും കുടുംബത്തെയും മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചാണ് തീവ്രവാദികള്‍ തിരിഞ്ഞത്. ഹിന്ദു തീവ്രവാദികളുടെ ഉള്ളിലെ കടുത്ത പക നിഷ്‌കളങ്കരായ കുട്ടികളെ അടക്കം കൊലപ്പെടുത്തുന്നതിലേക്കു നയിച്ചു.

ഗ്രഹാം സ്‌റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസും മകള്‍ എസ്ത്തറും മാത്രമാണ് കുടുംബത്തില്‍ ജീവനോടെ ശേഷിച്ചത്. കേസില്‍ മറ്റ് 11 കൂട്ടുപ്രതികളെ കോടതി വെറുതെ വിട്ടു.

ഭര്‍ത്താവിന്റെയും മക്കളുടെയും ഹീനമായ കൊലപാതകത്തിന് സാക്ഷിയായ ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസ് 2006-ല്‍ ഭാരതത്തിലേക്ക് പിന്നീട് തിരിച്ചു വന്നു. തന്റെ ഭര്‍ത്താവ് തുടങ്ങിവച്ച കുഷ്ഠരോഗികളെ ശുശ്രൂഷിക്കുക എന്ന കര്‍ത്തവ്യം ഇന്നും അവര്‍ തുടരുന്നു. അതേസമയം മുഖ്യപതി ധാരാസിംഗും മോചനത്തിനായി ഒഡീഷ സർക്കാരിൽ അപേക്ഷ നൽകിയിട്ടുണ്ട്.