Spread the love

കോട്ടയം: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തെക്കുറിച്ചു ധ്യാനിച്ചും പാപപരിഹാരം തേടിയും ക്രൈസ്തവര്‍ ദുഃഖവെള്ളി ആചരിക്കുന്നു. പീഡാനുഭവ വായന, കുരിശിന്റെ വഴി തുടങ്ങിയ തിരുക്കര്‍മങ്ങള്‍ ദേവാലയങ്ങളില്‍ നടത്തും.

യേശുവിന്റെ പീഡാസഹനത്തിനു മുന്‍പായി ശിഷ്യന്മാരോടൊന്നിച്ചുള്ള അന്ത്യഅത്താഴത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവ ലോകം ഇന്നലെ പെസഹ ആചരിച്ചു. ദേവാലയങ്ങളില്‍ പെസഹ തിരുക്കര്‍മങ്ങളും കാല്‍ കഴുകല്‍ ശുശ്രൂഷയും വീടുകളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷയും നടത്തി.

പെസഹ വ്യാഴാഴ്ച്ചയുടെ തിരുക്കര്‍മങ്ങള്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ വിശ്വാസിസമൂഹം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു.. നഗരികാണിക്കല്‍, വിശുദ്ധഗ്രന്ഥം വായന, സമൂഹ പ്രാര്‍ഥന, പെസഹയുടെ സ്മരണകള്‍ ഉണര്‍ത്തുന്ന പ്രാര്‍ഥന ഗീതങ്ങള്‍, കാല്‍ കഴുകല്‍ ശുശ്രൂഷ, വൈകിട്ട് അപ്പം മുറിക്കല്‍ എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍

എളിമയുടെയും വിനയത്തിന്റെയും മാതൃകയില്‍ യേശുക്രിസ്തു 12 ശിഷ്യന്‍മാരുടെ കാല്‍ കഴുകി ചുംബിച്ച ഓര്‍മ പുതുക്കി ഓരോ ദേവാലയങ്ങളിലും കാല്‍ കഴുകല്‍ ശുശ്രൂഷശ്രൂഷ നടത്തി. ഇടവകയില്‍നിന്നു തിരഞ്ഞെടുത്ത 12 പേരാണ് കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് എത്തിയത്. മുഖ്യപുരോഹിതന്‍ വെള്ള വസ്ത്രമണിഞ്ഞ് അരയില്‍ വെണ്‍കച്ച ചുറ്റി താലത്തില്‍ വെള്ളമെടുത്ത് ഓരോരുത്തരുടെയും കാല്‍ കഴുകി ചുംബിച്ച് പെസഹയുടെ ദീപ്തസ്മരണകള്‍ പുതുക്കി.