Spread the love

കോട്ടയം : ഹിന്ദു താൽപര്യം സംരക്ഷിക്കുന്ന രാഷ്ട്രീയപാർട്ടിയാണ് ബിജെപി എന്ന ഖ്യാതി നിലനിൽക്കുമ്പോഴും ബിജെപി വിശ്വകർമ്മജരോട് അയിത്തം കാട്ടുകയാണെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ.

30 ജില്ലാ പ്രസിഡണ്ടുമാരെ നിയമിച്ചപ്പോൾ ഒരു വിശ്വകർമ്മജനെ പ്രസിഡണ്ട് ആക്കുവാൻ ബിജെപിക്ക് കഴിഞ്ഞില്ല. വിശ്വകർമ്മ സമുദായത്തെ കാലങ്ങളായി അവഗണിക്കുന്നതിന്റെ ഭാഗമാണ് ഇതെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ജില്ലാ കമ്മിറ്റികളിൽ പല ജില്ലകളിലും വിശ്വകർമ്മ സമുദായ അംഗങ്ങൾ ജില്ലാ സെക്രട്ടറിമാരായും മറ്റു ഭാരവാഹികളായും ഉണ്ടായിട്ടും അവരെ ആരെയും ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിച്ചില്ല. വിശ്വകർമ്മജരിൽ നിന്ന് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കാൻ ആളിനെ ലഭിച്ചില്ല എന്ന നേതൃത്വത്തിന്റെ വാദഗതി പരിഹാസ്യമാണ്.

30 , 40 വർഷക്കാലമായി ബിജെപിക്ക് വേണ്ടി പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ച് ജീവിതം സമർപ്പിച്ച പ്രവർത്തകരെ ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കാൻ പര്യാപ്തമായി വളർത്തിയെടുക്കുന്നതിൽ പാർട്ടി പരാജയപ്പെടുകയാണ് ഉണ്ടായത്. ഇത് പാർട്ടിയുടെ അപചയമാണ്.

80കളിലും 90കളിലും പാർട്ടി കെട്ടിപ്പടുക്കുവാൻ അശ്രാന്ത പരിശ്രമം നടത്തിയ വിശ്വകർമ്മ നേതാക്കന്മാർ ഇപ്പോഴും പാർട്ടിയിൽ ഉണ്ട്. അവരെ പാർട്ടി സ്ഥാനങ്ങളിലേക്കും പാർലമെന്ററി സ്ഥാനങ്ങളിലേക്കും പരിഗണിക്കുന്നില്ല.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 സ്ഥാനാർത്ഥികളെ നിർത്തിയതിൽ ഹിന്ദു സമുദായത്തിൽ മൂന്നാം സ്ഥാനത്തുള്ള വിശ്വകർമ്മ സമുദായത്തിൽ നിന്നും ഒരാളെ സ്ഥാനാർത്ഥിയാക്കുവാൻ പാർട്ടി തയ്യാറായില്ല.

സംസ്ഥാന പ്രസിഡണ്ട് പിന്നോക്കക്കാർക്ക് പരിഗണന നൽകുമെന്ന് പറയുമ്പോഴും അത് ഒരു പ്രത്യേക സമുദായത്തിന് മാത്രമാണ് ലഭിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പൊതു സമീപനം ഇതുതന്നെയാണ്. ഇതിന് മാറ്റം ഉണ്ടാകണം.

പാർട്ടി സംസ്ഥാന കമ്മിറ്റി രൂപവൽക്കരണവും ഭാരവാഹി തെരഞ്ഞെടുപ്പും നടക്കുമ്പോൾ വിശ്വകർമ്മ സമുദായത്തിന് അർഹമായ പരിഗണന ഉണ്ടാകണമെന്ന് കൗൺസിൽ യോഗ തീരുമാനം വിശദീകരിച്ചുകൊണ്ട് ജനറൽ സെക്രട്ടറി ടി കെ സോമശേഖരൻ പറഞ്ഞു.

സംസ്ഥാന പ്രസിഡണ്ട് ആറ്റൂർ ശരത്ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ബാബുജി, സെക്രട്ടറിമാരായ എസ് ബാബു, സുരേഷ് ബാബു, ഖജാൻജി കെ രാമചന്ദ്രൻ, കൗൺസിൽ അംഗങ്ങളായ എൻ തുളസിധരൻ ആചാരി, സുധാകരൻ, ജി മുരളീധരൻ, പി വിജയ ബാബു എന്നിവർ സംസാരിച്ചു.