കൊച്ചി: ലഹരി പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടുന്നതിന്റെ
സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഇന്നലെ രാത്രിയിൽ കലൂരിലുള്ള പിജിഎസ് വേദാന്ത എന്ന ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങി ഓടിയത്. ഷൈൻ മൂന്നാം നിലയിലെ മുറിയുടെ ജനാലയിലൂടെ രണ്ടാം നിലയിലെ ഷീറ്റിനു മുകളിലേക്ക് ചാടി. ചാട്ടത്തിന്റെ ആഘാതത്തിൽ ഷീറ്റ് പൊട്ടി. തുടർന്ന് രണ്ടാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ചാടി. ഇവിടെ നിന്നും സ്റ്റെയർകെയ്സ് വഴി ഷൈൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്.shine tom chako escape
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഷൈൻ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. റെയ്ഡ് വിവരം ചോർന്നതിന് പിന്നിൽ ഹോട്ടൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. ജീവനക്കാരുടെയും മൊഴി എടുക്കും.
അതേസമയം ഇത്രയും സാഹസപ്പെട്ട് ഷൈൻ രക്ഷപ്പെടണമെങ്കിൽ അദ്ദേഹത്തിന്റെ കൈവശം കാര്യമായി എന്തോ ഉണ്ടായിരുന്നിരിക്കാമെന്നാണ് പൊലീസിന്റെ അനുമാനം. ഷൈനിനൊപ്പം മുറിയിലുണ്ടായ ആളെ പരിശോധിച്ചെങ്കിലും ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. ഷൈനിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസം നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത് നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ചാണെന്ന വിവരം പുറത്ത് വന്നിരുന്നു. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും.