തിരുവനന്തപുരം: മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും അഴിമതിയില്‍ മുങ്ങിക്കുളിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വന്‍ പ്രക്ഷോഭത്തിലേക്ക്.
മെയ് 6ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ടറേറ്റിലേക്കുമാണ് മാര്‍ച്ച് നടത്തുക.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസിസി പ്രസിഡന്റുമാരുടെയും യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
മുഖ്യമന്ത്രി മാസപ്പടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു വ്യക്തമാണ് എന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ മകള്‍ക്കെതിരേ കുറ്റപത്രം നല്‍കിക്കഴിഞ്ഞു. മുഖ്യമന്ത്രി തന്നെ അഴിമതിയില്‍ മുങ്ങിനില്ക്കുമ്പോള് അത് ഉദ്യോഗസ്ഥരും മാതൃകയാക്കി.
പിണറായി വിജയന്റെ വലംകൈയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കര്‍ സ്വര്‍ണക്കടത്തു കേസില്‍ 98 ദിവസം ജയിലില്‍ കഴിഞ്ഞു. ലൈഫ് മിഷന് കേസിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെഎം ഏബ്രഹാമിനെതിരേ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. കിഫ്ബിയുടെ നിരവധി വഴിവിട്ട ഇടപാടുകളില്‍ സംരക്ഷണം ആവശ്യം ഉള്ളതിനാല്‍ കെഎം ഏബ്രഹാമിനെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നു. അദ്ദേഹത്തെ ഉടന്‍ പുറത്താക്കണം. പിആര്‍ഡിയുടെ പിആര്‍ ജോലികള്‍ അനധികൃതമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ മകന്റെ കമ്പനിക്കു നല്കിയതിനെതിനെതിരേ നടപടി പോയിട്ട് അന്വേഷണംപോലുമില്ല.
ഇന്റലിജന്‍സ് എഡിജിപി പി. വിജയനെതിരേ എഡിജിപി എംആര്‍ അജിത്കുമാര്‍ വ്യാജമൊഴി നല്‍കിയതിന് കേസെടുക്കണമെന്ന് പോലീസ് മേധാവി ഉത്തരവിട്ടിട്ടു മൂന്നുമാസമായെങ്കിലും മുഖ്യമന്ത്രിക്ക് അനക്കമില്ലന്നും കോൺഗ്രസ് കറ്റപ്പെടുത്തി