Spread the love

നിയാസ് മുസ്തഫ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം കോണ്‍ഗ്രസിന് തലവേദനയാകുന്നു. ഡിസിസി പ്രസിഡന്റ് വി എസ് ജോയി, മുതിര്‍ന്ന നേതാവ് ആര്യാടന്‍ ഷൗക്കത്ത് എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലെങ്കിലും ആരെ കൊള്ളും, ആരെ തള്ളും എന്നറിയാതെ വിഷമിക്കുകയാണ് നേതൃത്വം ഇപ്പോള്‍.

നിലമ്പൂരിലെ എംഎല്‍എ സ്ഥാനം രാജിവെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ തന്റെ പിന്‍ഗാമിയായി വി എസ് ജോയി വരണമെന്ന ആഗ്രഹം പി.വി അന്‍വര്‍ മുന്നോട്ടുവച്ചിരുന്നു. ക്രിസ്ത്യന്‍ സമുദായത്തില്‍നിന്ന് ഒരാള്‍ സ്ഥാനാര്‍ത്ഥിയാകുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണിപ്പോള്‍ യുഡിഎഫിന് കീറാമുട്ടിയാകുന്നത്.

അന്‍വറിന്റെ മുന്‍കൂട്ടിയുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇതിനോടകം ക്രൈസ്തവ വിഭാഗങ്ങള്‍ മനസ് കൊണ്ട് സ്വീകരിച്ചുകഴിഞ്ഞു. ഇനി വിഎസ് ജോയിയെ മാറ്റി ആര്യാടനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചാല്‍ ക്രൈസ്തവ വോട്ടുകള്‍ എതിരാവുമോയെന്ന ഭയമാണ് യുഡിഎഫിനെ അലട്ടുന്നത്. പ്രത്യേകിച്ച് മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ക്രൈസ്തവ വോട്ടുകള്‍ ഉന്നംവെച്ച് ബിജെപി നടത്തുന്ന നീക്കങ്ങള്‍കൂടി യുഡിഎഫ് പരിഗണിക്കുന്നുണ്ട്.

ആര്യാടന്‍ ഷൗക്കത്തിനെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ ശ്രമം നടത്തിയെങ്കിലും ഷൗക്കത്ത് ഉറച്ച നിലപാടിലാണ്. സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ലെങ്കില്‍ മണ്ഡലത്തില്‍ സ്വതന്ത്രരെ തേടുന്ന സിപിഎമ്മിലേക്ക് ഷൗക്കത്ത് ചുവടുമാറ്റുമോയെന്ന ഭയവും കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. പാലക്കാട് സംഭവം കോണ്‍ഗ്രസിനെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിലും അന്‍വറിന്റെ കൂടി പിന്തുണ ലഭിച്ചതോടെ ഇതിനോടകം വി എസ് ജോയി മണ്ഡലത്തില്‍ വ്യാപകമായ പ്രചാരണം സ്വന്തംനിലയ്ക്ക് നടത്തി കഴിഞ്ഞിട്ടുണ്ട്. മണ്ഡലത്തിലെ വോട്ട് ബാങ്കിനെ നിയന്ത്രിക്കുന്ന പ്രമുഖരുമായുമെല്ലാം ജോയി ആശയവിനിമയം നേരത്തെ തന്നെ നടത്തി കഴിഞ്ഞിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ജോയിയെ മാറ്റി നിര്‍ത്തിയാല്‍ അതെങ്ങനെ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കണ്ടറിയണം.
അതേസമയം, യുഡിഎഫിലെ പ്രമുഖ ഘടകകക്ഷിയായ മുസ്ലിം ലീഗും കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കളും ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കുന്നുമുണ്ട്.

അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിയ പി.വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് തങ്ങളെ യുഡിഎഫില്‍ ഉള്‍പ്പെടുത്തണമെന്ന ശക്തമായ നിലപാടിലുമാണ്. യുഡിഎഫ് പ്രവേശനം സാദ്ധ്യമായില്ലെങ്കില്‍ പി.വി അന്‍വര്‍ എന്തുനിലപാട് മണ്ഡലത്തില്‍ സ്വീകരിക്കുമെന്നതും കണ്ടറിയണം.