ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുക മൂന്നംഗ ബെഞ്ച്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. ഈ മാസം 16 ന് ഹർജികൾ പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ വി വിശ്വനാഥൻ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാർ.
ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കൊപ്പം, നിയമത്തിന് സ്റ്റേ നൽകണമെന്ന് സുപ്രീം കോടതിയിൽ നിന്ന് നിർദ്ദേശം നൽകണമെന്നും എല്ലാ ഹർജിക്കാരും ആവശ്യപ്പെടുന്നുണ്ട്.
വഖഫ് ഭേദഗതി നിയമത്തിനെതിരെ നിരവധി ഹർജികൾ സുപ്രീംകോടതിക്ക് മുൻപിലേക്ക് എത്തിയതോടെ നിയമം സ്റ്റേ ചെയ്യരുതെന്ന് ആവശ്യപ്പെടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ തടസഹർജി നൽകി. കേന്ദ്രസർക്കാരിന്റെ ഭാഗം കേൾക്കാതെ തീരുമാനം കൈക്കൊള്ളരുതെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
മുസ്ലിം ലീഗും സമസ്തയും കോൺഗ്രസും ഉൾപ്പെടെ നൽകിയ 14 ഹർജികൾ കോടതിയുടെ പരിഗണനയിൽ ഉള്ളത്.
അതേസമയം പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമത്തിന് രാഷ്ട്രപതി അംഗീകാരം നൽകിയതോടെ ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ ഉടൻ രൂപികരിക്കുമെന്നും വിവരമുണ്ട്.