കോട്ടയം: പി സി ജോർജിനെയും തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പ്ലാംമ്പാനിയെയും തള്ളി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്. പാലായിൽ കെസിബിസി മദ്യ – ലഹരി വിരുദ്ധ സമിതി രൂപതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജബൽപൂരിൽ പോലീസിന്റെ കൺമുമ്പിലിട്ടാണ് ‘അവർ’ വൈദികരെയും വിശ്വാസികളെയും മർദ്ദിച്ചത്. അവർ ആരാണെന്ന് എല്ലാവർക്കുമറിയാം. അമ്പലത്തിന് മുമ്പിൽ ചെന്ന് പ്രാർത്ഥിച്ചതുകൊണ്ടാണ് ആക്രമിച്ചതെന്ന് ന്യായീകരിക്കുന്നത് ഒട്ടും ശരിയല്ല.
കഴിഞ്ഞ ദിവസം കോട്ടയം പ്രസ്ക്ലബിലെ പത്രസമ്മേളനത്തിലായിരുന്നു പി സി ജോർജ് വൈദികർക്ക് നേരെ നടന്ന ആക്രമണത്തെ ന്യായീകരിച്ചത്. വൈദികരും വിശ്വാസികളും അമ്പലത്തിന് മുമ്പിൽ ചെന്ന് പ്രാർത്ഥിച്ചതുകൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്നായിരുന്നു ജോർജിന്റെ വാദം. ഇതിനെയാണ് ജോർജിന്റെ പേരു പറയാതെ ബിഷപ്പ് വിമർശിച്ചത്.
ന്യൂനപക്ഷമാണ് ഇവിടെ ക്രൈസ്തവർ. ഭരണഘടനാപരമായ അവകാശങ്ങൾ ഞങ്ങൾക്കുണ്ട്. ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണത്തെ ന്യായീകരിക്കുന്നത് അംഗീകരിക്കാനാവില്ല.
പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശമെന്നും തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പ്ലാംമ്പാനിയെയും തള്ളി ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. നമ്മൾ വിഭജിക്കപ്പെട്ട് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ച് സ്വർഗ്ഗത്തിലെത്താമെന്ന് കരുതുന്നില്ല. ക്രൈസ്തവ സഭകൾ ഇവിടെ ഭിന്നിച്ച് നില്ക്കുകയാണ്. നമ്മൾ ഒന്നിച്ചു നിന്നാൽ രാഷ്ട്രീയക്കാർ നമ്മളെ തേടിയെത്തും. ക്രൈസ്തവർ തമ്മിൽ ഒരുമയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. അല്ലാതെ പുതിയ രാഷ്ട്രീയ പാർട്ടിയല്ല ആവശ്യം.
വഖഫ് ബില്ലിൽ വോട്ട് ചെയ്ത കേരളത്തിൽ നിന്നുള്ള എംപിമാരെയും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് വിമർശിച്ചു. വഖഫ് ബിൽ പല എംപിമാരുടെ വിലയും അറിവില്ലായ്മയുമാണ് വെളിപ്പെടുത്തിയത്. കെഎസിബിസിയും സിബിസിഎയും നൽകിയ നിർദേശം കേരളത്തിലെ എംപിമാർ ചെവിക്കൊണ്ടില്ല.
വഖഫ് മതപരമായ വിഷയമല്ല. ദേശീയവും സാമൂഹിക പ്രാധാന്യവുമുള്ള വിഷയമാണെന്നും ജോസഫ് കല്ലറങ്ങാട്ട് വ്യക്തമാക്കി. അവർക്ക് വോട്ടെടുപ്പിൽ നിന്ന് വിട്ടുനില്ക്കുകയോ വോട്ടുചെയ്യാതിരിക്കുകയോ ചെയ്യാമായിരുന്നു.
സഭക്ക് പലരെയും വോട്ട് ചെയ്ത് ജയിപ്പിക്കാൻ കഴിയില്ലെങ്കിലും തോൽപ്പിക്കാൻ ശക്തിയുണ്ട്. നേതാക്കൾക്ക് ജനങ്ങളോടാണ് ഉത്തരവാദിത്തം വേണ്ടത്. രാഷ്ട്രീയ പാർട്ടികളോടല്ല. ഒരു ജനതയെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാനാണ് ചിലർ ശ്രമിച്ചത്. മുനമ്പത്തെ സങ്കീർണ്ണമായ പ്രശ്നം അവർ മുഖവിലക്കെടുത്തില്ലെന്നും ബിഷപ്പ് കുറ്റപ്പെടുത്തി.