Spread the love

കോട്ടയം: ജബൽപൂരിൽ ക്രിസ്ത്യൻ വൈദികന് നേരെയുണ്ടായ അതിക്രമത്തെ ന്യായീകരിച്ച് ബിജെപി നേതാവ് പി.സി ജോർജ്.

ക്ഷേത്രത്തിനു മുന്നിൽ ചെന്ന് മര്യാദകേട് കാണിച്ചാൽ ചിലപ്പോൾ അടിവാങ്ങുമെന്നാണ് ജോർജിന്‍റെ ന്യായീകരണം.

ഒരു സമുദായത്തെ അപമാനിക്കുന്ന സിനിമക്ക് അനുമതി നൽകാൻ പാടില്ലായിരുന്നുവെന്ന് എമ്പുരാൻ സിനിമയെ പരാമര്‍ശിച്ച് പി.സി ജോര്‍ജ് പറഞ്ഞു. സെൻസർ ബോർഡ് നടപടി ശരിയായില്ല. കേന്ദ്രസർക്കാർ പരിശോധിക്കണം. കുഴപ്പമുണ്ടെന്ന് സംവിധായകനും നിർമാതാവും തന്നെ സമ്മതിച്ചത് കൊണ്ടാണ് വെട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് വൈദികര്‍ക്ക് നേരെ ആക്രമണമുണ്ടായത്. അതിരൂപതയിലെ വികാരി ജനറൽ ഫാ. ഡേവിസ് ജോർജ്, രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോർജ് തോമസ്, പാരിഷ് കൗൺസിൽ സെക്രട്ടറി ഫെലിക്സ് ബാര എന്നിവരെ ബജ്‌രംഗ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് പരാതി.

ഫാ. ഡേവിസ് ജോർജ് തൃശൂർ കുട്ടനെല്ലൂർ മരിയാപുരം സ്വദേശിയും ഫാ. ജോർജ് തോമസ് എറണാകുളം സ്വദേശിയുമാണ്.