തിരുവനന്തപുരം: രാജ്യത്തെ കത്തോലിക്ക ബിഷപ്പുമാരും ലാറ്റിന്‍ രൂപതയും വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചുവെങ്കിലും ലോക്‌സഭ കടക്കുന്ന കാര്യത്തില്‍ ഉറപ്പില്ല. എന്‍ഡിഎ ഘടകകക്ഷികളുടെയും കോണ്‍ഗ്രസിന്റെയും നിലപാട് നിര്‍ണായകമാണ്. ഇപ്പോള്‍ നടക്കുന്ന സെഷനില്‍ തന്നെ അവതരിപ്പിച്ച് പാസാക്കാനാണ് എന്‍ഡിഎ നീക്കം. ഇതിനായി ഘടകക്ഷികളുമായി ആശയവിനിമയം നടത്തിയെങ്കിലും ചില സംസ്ഥാന വിഷയങ്ങളും തെരഞ്ഞെടുപ്പും കക്ഷികളെ പിന്നോട്ടുവലിക്കുന്നുണ്ടെന്നാണ് കരുതുന്നത്. അതേ സമയം ക്രൈസ്തവ സമൂഹത്തിന്റെ പ്ിന്തുണ ചില അപ്രതീക്ഷിത ഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് ബിജെപി കരുതുന്നത്. ബില്‍ നിയമമാക്കുക എന്നത് ബിജെപി സര്‍ക്കാരിന്റെ അജണ്ടയാണ്. അത് പാളിയാല്‍ മുഖം നഷ്ടപ്പെടും. അതിനാല്‍ പാര്‍ട്ടിയുടെ ദൗത്യസംഘങ്ങള്‍ നയതന്ത്ര നീക്കം തുടരുകയാണ്. പ്രധാനമന്ത്രിയുടെ ആര്‍എസ്എസ് ആസ്ഥാന സന്ദര്‍ശന വേളയില്‍ വഖഫും ചര്‍ച്ചയായതായാണ് വിവരം. ഇന്നോ നാളയോ ബില്‍ ലോകസഭയില്‍ അവതരിപ്പിക്കും.
അതിനിടെ കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിനു (കെസിബിസി) പിന്നാലെ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും (സിബിസിഐ) വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തി.പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ പാര്‍ട്ടികളും എംപിമാരും നിഷ്പക്ഷവും ക്രിയാത്മകവുമായ നിലപാടു സ്വീകരിക്കണമെന്നു സിബിസിഐ ആവശ്യപ്പെട്ടു.
നിലവിലെ കേന്ദ്ര വഖഫ് നിയമത്തിലെ ചില വ്യവസ്ഥകള്‍ രാജ്യത്തിന്റെ ഭരണഘടനയും മതനിരപേക്ഷ മൂല്യങ്ങളുമായി ഒത്തുപോകുന്നില്ല. ഈ വ്യവസ്ഥകള്‍ ഉപയോഗിച്ചാണ് മുനമ്പത്ത് വഖഫ് ബോര്‍ഡ് അറുനൂറിലേറെ കുടുംബങ്ങളുടെ പൈതൃകസ്വത്ത് വഖഫ് ഭൂമിയാക്കി മാറ്റിയത്. നിയമപരമായ ഭേദഗതിക്ക് മാത്രമേ ഈ വിഷയത്തില്‍ ശാശ്വതമായ പരിഹാരം കൊണ്ടുവരാന്‍ സാധിക്കൂ.
മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും വേണമെന്നും സിബിസിഐ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.