യാങ്കൂൺ: മ്യാന്‍മാറിലും തായ്ലൻഡിലും അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തിൽ നൂറോളം പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി പേർ കെട്ടിടങ്ങൾ തകർന്നുവീണ് കുടുങ്ങിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം നിരവധി കെട്ടിടങ്ങളും പാലങ്ങളും തകർന്നു. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മ്യാൻമാറിലുണ്ടായത്. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെ തകർന്നടിഞ്ഞു. ഭൂചലനത്തിൻ്റെ പശ്ചാത്തലത്തിൽ ആറ് പ്രവിശ്യകളിൽ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സുപ്രധാന ദേശീയ പാതകൾ പലതും മുറിഞ്ഞു മാറിയതായും റിപ്പോർട്ടുകളുണ്ട്. ഇരു രാജ്യങ്ങളിലുമായി 370 ഓളം പേർക്ക് പരിക്കേറ്റു, നിരവധിപേരുടെ പരിക്ക് ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 12.50 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. തൊട്ടു പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. അതിനിടെ ഭൂചലനം നടന്ന സാഹചര്യത്തിൽ ബാങ്കോക്കിലും ചൈനയിലെ യുനാൻ പ്രവിശ്യയിലും മെട്രോ, റെയിൽ സർവീസുകൾ താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.