Spread the love

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജന പ്രാഥമിക ധാരണകളിലേക്ക് യുഡിഎഫ് നീങ്ങുന്നു. പ്രത്യേകിച്ച് ഘടകകക്ഷികളുമായുള്ള സീറ്റ് പങ്കിടലിന്റെ കാര്യത്തിലാണ് കോൺഗ്രസ് നേതൃത്വം സംസ്ഥാനതലത്തിൽ തന്നെ കൂടിയാലോചനകൾ നടത്തുന്നത്.

മുസ്ലിം ലീഗ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് എന്നിവയാണ് യുഡിഎഫിലെ പ്രധാന ഘടകകക്ഷികൾ. ഇതിൽ ലീഗിൻറെ സിറ്റിംഗ്സീറ്റുകൾ ഏറെക്കുറെ ഉറപ്പിച്ചതാണ്. അതേസമയം പിജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിൻറെ സീറ്റുകൾ സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം പുനരാലോചനയിലാണ്.

കഴിഞ്ഞതവണ പത്തു സീറ്റുകളിലാണ് നിയമസഭയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകിയത്. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, ഇടുക്കി, കടുത്തുരുത്തി, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, കുട്ടനാട്, തിരുവല്ല, തൃക്കരിപ്പൂർ .

ഇതിൽ രണ്ടു സീറ്റുകളിൽ മാത്രമാണ് കേരള കോൺഗ്രസ് 2021 ൽ വിജയിച്ചു കയറിയത്.ഇടുക്കിയിലെ തൊടുപുഴയും കോട്ടയം ജില്ലയിലെ കടുത്തുരുത്തിയും. ചെയർമാൻ പി ജെ ജോസഫും എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫും ഈ മണ്ഡലങ്ങളിലെ നിയമസഭാ പ്രതിനിധികളാണ്.

എന്നാൽ അതീവ നിർണായകമായ 2026ലേ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കുക എന്ന ഏക ലക്ഷ്യത്തിലാണ് കോൺഗ്രസ്. അതുകൊണ്ടുതന്നെ മുഖ്യ കക്ഷിയായ കോൺഗ്രസ് കൂടുതൽ സീറ്റുകളിൽ മത്സരിക്കാനാണ് ആലോചിക്കുന്നത്. ജയ സാധ്യത, പ്രാദേശിക ഘടകങ്ങളുടെ അടിത്തറ, സ്വീകാര്യത, പ്രവർത്തന ഏകോപനം ഇതെല്ലാം വിജയ ഘടകങ്ങൾ ആകുന്നതിന് കോൺഗ്രസ് മത്സരിക്കുന്നതാണ് നല്ലതെന്നാണ് പൊതുവികാരം.

ജോസഫ് വിഭാഗത്തിന് കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ കോട്ടയം ലോക്സഭാ സീറ്റ് കോൺഗ്രസ് വിട്ടുകൊടുത്തിരുന്നു. കോട്ടയത്തെ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കണമെന്ന് വ്യാപകമായ ആവശ്യമുയർന്നിട്ടും ഘടകകക്ഷി എന്ന നിലയിൽ ജോസഫ് വിഭാഗത്തിനെ പരിഗണിക്കുകയായിരുന്നു. വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെ കൂടിയാലോചനയിലൂടെ നിശ്ചയിക്കുന്നതിലും കോൺഗ്രസ് നേതൃത്വം അന്ന് മുൻകൈയെടുത്തിരുന്നു.അങ്ങനെയാണ് ഫ്രാൻസിസ് ജോർജ് കോട്ടയത്ത് മത്സരിച്ച് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത്. കോട്ടയം പോലെ തന്ത്രപ്രധാനമായ പാർലമെൻറ് സീറ്റ് വിട്ടു കൊടുത്തപ്പോൾ കോൺഗ്രസ് ചില ധാരണകൾ ഉണ്ടാക്കിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.ഇതനുസരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് വിജയിച്ച രണ്ടു സീറ്റിനു പുറമേ പരമാവധി നാല് സീറ്റ് മാത്രമേ നൽകൂ.പൂഞ്ഞാർ സീറ്റിന്റെ കാര്യത്തിൽ മാത്രമാണ് ഇതിനുപുറമേ കോൺഗ്രസ് വിട്ടുവീഴ്ചയ്ക്ക് ഒരു പക്ഷേ തയ്യാറാവുക.

കടുത്തുരുത്തി തൊടുപുഴ സീറ്റുകൾ കൂടാതെ ഇരിഞ്ഞാലക്കുട,തൃക്കരിപ്പൂർ ഇവയാണ് നിലവിൽ കിട്ടാൻ സാധ്യതയുള്ള സീറ്റുകൾ. കേരള കോൺഗ്രസിന്റെ വർക്കിംഗ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പിസി തോമസിനായി ബലം പിടിച്ചാൽ പൂഞ്ഞാർ സീറ്റ് ഒരു പക്ഷേ വിട്ടു കൊടുത്തേക്കും. അതിനപ്പുറം കോൺഗ്രസ് ഒന്നിനും തയ്യാറല്ല ഇന്നുതന്നെയാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ശേഷിക്കുന്ന കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, ചങ്ങനാശ്ശേരി സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കും. ജോസഫ് വിഭാഗത്തിൽ നിന്നും ജോസഫ് വിഭാഗത്തിൽ നിന്നും തിരിച്ചെടുക്കുന്ന മറ്റു സീറ്റുകളുടെ കാര്യത്തിലും ഇതുതന്നെയാണ് കോൺഗ്രസ് അവലംബിക്കാൻ ആലോചിക്കുന്ന രീതി.
ഈ കൂടിയാലോചനകൾക്ക് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ പിന്തുണയും ഉണ്ട്.

കോട്ടയം പാർലമെൻറ് സീറ്റിലെ വിജയത്തോടെ സംസ്ഥാന പാർട്ടി പദവി കേരള കോൺഗ്രസിന് ലഭിച്ചിട്ടുണ്ട്. കോൺഗ്രസ് ചെയ്ത വിട്ടുവീഴ്ചയുടെ ഫലമാണ് ഇതെന്ന് പാർട്ടി നേതൃത്വത്തെ കോൺഗ്രസ് നേതൃത്വം ധരിപ്പിച്ചിട്ടുണ്ട്. അതിനാൽ കൂടുതൽ വിലപേശലിന് നിൽക്കരുത് എന്നാണ് കോൺഗ്രസ് നേതാക്കൾ അഭ്യർത്ഥിച്ചിട്ടുള്ളത്. ഇതിന് പോസിറ്റീവായ പ്രതികരണമാണ് ജോസഫ് പക്ഷം നടത്തിയിട്ടുള്ളത്.

 

പാർലമെൻറ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സംഘടനാ സംവിധാനമാണ് ജോസഫ് വിഭാഗത്തിനായി രംഗത്തിറങ്ങിയത്.കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ പോലെ പാർട്ടി ചട്ടക്കൂടോ പ്രവർത്തകരോ ജോസഫ് വിഭാഗത്തിന് ഇല്ല എന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബോധ്യപ്പെടുത്തി കൊടുക്കുകയും ചെയ്തു.
സീറ്റ് വെട്ടിക്കുറയ്ക്കുമ്പോൾ ചില പ്രതികരണങ്ങൾ ഉണ്ടാകുമെങ്കിലും അത് ചായക്കോപ്പയിലെ കൊടുങ്കാറ്റായി തീരുമെന്ന് തന്നെയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആത്മവിശ്വാസം.